തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കായകുളം പെരിങ്ങാല ധ്വനി വീട്ടില്‍ അരുണ്‍, കൊല്ലം വിളക്കുപാറ സ്വദേശിയും യൂട്യൂബറുമായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അരുണ്‍ അറസ്റ്റിലായത്. ഫേസ്ബുക്ക് വഴിയാണ് അരുണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയിരുന്നത്.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അരുണിനെതിരെയും കേസെടുത്തിരുന്നത്. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
നേരത്തെ വിവിധ സ്റ്റേഷനുകളിലായി 14 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പൊലീസ് അറിയിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇപ്പോള്‍ ഒരു അറസ്റ്റുണ്ടായിരിക്കുന്നത്. കായംകുളം ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഘത്തില്‍ സി.ഐ അരുണ്‍ ഷാ, പൊലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുണ്‍ എന്നിവരുമുണ്ടായിരുന്നു.
അതേ സമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമാതാരങ്ങളും വ്യവസായപ്രമുഖരും സാധാരണക്കാരും ഉള്‍പ്പടെ നിരവനി പേരാണ് തങ്ങളാലാവുന്ന സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം, സിനിമ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും സൂര്യ, കാര്‍ത്തി, ജ്യോതിക, രഷ്മിക മന്ദാന തുടങ്ങിയവരുള്‍പ്പടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇന്ന് മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
സാധാരക്കാരായ നിരവധിപേരാണ് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും നീക്കിയിരിപ്പുകളില്‍ നിന്നും വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 334 പേരാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടത്. 280 പേരെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. മരണപ്പെട്ടവരില്‍ 180ലധികം ആളുകളുടെ മൃതദേഹങ്ങള്‍ ലഭിച്ചത് ചാലിയാര്‍ പുഴയില്‍ നിന്നാണ്.
content highlights: Propaganda against Chief Minister’s Relief Fund; Two people, including a YouTuber, were arrested