| Thursday, 19th January 2012, 7:23 pm

ഭൂമി ദാനക്കേസ്: സോമന് ഭൂമി അനുവദിച്ചിട്ടില്ലെന്ന വിജിലന്‍സ് വാദം പൊളിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപ്പുരം: കാസര്‍ഗോഡ് ഭൂമി ദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കിയ വിജിലന്‍സ് വാദം പൊളിയുന്നു. അച്യുതാനന്ദന്റെ ബന്ധു ടി. കെ. സോമന് 1977ല്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നായിരുന്നു വിജിലന്‍സ് ഡി.വൈ.എസ്.പി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ച എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. 1977ല്‍ സോമന് കാസര്‍കോട് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഭൂമി അനുവദിച്ചതിന്റെ രേഖകള്‍ പുറത്തായതോടെ വിജിലന്‍സിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കാസര്‍ഗോഡ് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എ) ഓഫീസില്‍നിന്ന് 1977 ഏപ്രില്‍ 20ന് കണ്ണൂരിലെ മിലിട്ടറി ആശുപത്രിയിലെ കമാന്റിംഗ് ഓഫീസര്‍ക്ക് ഭൂമി അനുവദിച്ച ഉത്തരവ് അയച്ചു കൊടുത്തിട്ടുണ്ടെന്ന് ഇപ്പോള്‍ പുറത്തായ രേഖകള്‍ പറയുന്നു. 1977 ഏപ്രില്‍ 16ന് 15, 76 നമ്പറായി ഹവില്‍ദാര്‍ ടി.കെ.സോമന് ഭൂമി അനുവദിച്ചു എന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

കണ്ണൂര്‍ യൂണിറ്റില്‍ സോമന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഈ ഉത്തരവ് തിരികെ നല്‍കണമെന്നും ബന്ധപ്പെട്ട കമാന്റിംഗ് ഓഫീസര്‍ മുഖേന സോമന് ഉത്തരവ് എത്തിച്ചുകൊടുക്കുന്നതിനാണെന്നും തഹസീല്‍ദാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടയ വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ കടലാസുകള്‍ പ്രസ്തുത കത്തിന്റെ കൂടെയുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കിലെ (അന്ന് കാസര്‍ഗോഡ് ജില്ല രൂപീകരിച്ചിട്ടില്ല.) എന്‍മകജെ വില്ലേജിലെ 681-ഐഡി 2 എന്ന സര്‍വ്വേ നമ്പറിലുള്ള മൂന്ന് ഏക്കര്‍ ഭൂമി സോമന് അനുവദിച്ചതിന്റെ വിവരങ്ങള്‍ ആ കടലാസിലുണ്ടായിരുന്നു. ഭൂമി കൈപ്പറ്റാന്‍ വൃക്ഷവില, സര്‍വ്വേ കൂലി ഉള്‍പ്പെടെയുള്ളവക്കായി 673 രൂപ 50 പൈസ ഭൂമി വില നല്‍കണമെന്നും അതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഭൂമിയുടെ അവകാശം ഉന്നയിച്ച് 1977 മേയ് 18ന് കാസര്‍ഗോഡ് മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സ്വകാര്യ അന്യായത്തില്‍ കണ്ണൂര്‍ കളക്ടര്‍, കാസര്‍കോട് തഹസില്‍ദാര്‍ എന്നിവര്‍ കൂടാതെ മൂന്നാം കക്ഷിയായി ടി.കെ.സോമനുമുണ്ട്.

കാസര്‍ഗോഡ് മുന്‍സിഫ് കോടതിയില്‍ 1977 മേയ് 18ന് ഈ ഭൂമിയുടെ അവകാശം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട സ്വകാര്യ അന്യായത്തില്‍ കണ്ണൂര്‍ കളക്ടര്‍, കാസര്‍ഗോഡ് തഹസില്‍ദാര്‍ എന്നിവര്‍ കൂടാതെ മൂന്നാം കക്ഷി ടി.കെ.സോമനാണ്. ഈ കേസിന്റെ വിധി വന്നത് 1979ല്‍ ആണ്. വിധിയില്‍ സോമന്റെ പേര് മുന്‍സിഫ് മൂന്നാം കക്ഷിയായി രേഖപ്പെടുത്തിയിട്ടുള്ളത് അദ്ദേഹത്തിന് ഭൂമി അനുവദിച്ചു എന്നതിന്റെ തെളിവാണ്.

എന്നാല്‍, ടി.കെ സോമന് ഭൂമി നല്‍കാന്‍ വി.എസ് അച്യുതാനന്ദന്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ രണ്ടു സ്ഥലങ്ങളിലാണ് 1977ല്‍ സോമന് ഭൂമി അനുവദിച്ചിട്ടില്ലെന്ന് പറയുന്നത്. എഫ്. ഐ.ആറിലെ ഒന്നാം പേജിലും ആറാം പേജിലുമാണ് ഇത് പറഞ്ഞിരിക്കുന്നത്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more