ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗി ആയതുകൊണ്ടാണ് തന്നെ ദല്‍ഹി ഹൈക്കോടതി ജഡ്ജായി നിയമിക്കാത്തതെന്ന് സീനിയര്‍ അഭിഭാഷകന്‍ സൗരഭ് കൃപാല്‍. എന്‍.ഡി.ടി.വിയിലെ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
2017 മുതല്‍ ഹൈക്കോടതി ജഡ്ജ് ആകാനുള്ള തന്റെ നിയമന ശിപാര്‍ശയില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ അനന്തമായി നീട്ടുകയാണെന്ന് സൗരഭ് കൃപാല്‍ പറഞ്ഞു.
മറ്റ് കാരണങ്ങള്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തന്റെ ലൈംഗികത തന്നെയാണ് നിയമനത്തിന് തടസം സൃഷ്ടിച്ചതെന്നും കൃപാല്‍ ചൂണ്ടിക്കാട്ടി. സ്വന്തം ലൈംഗികത തുറന്നുപറയുന്ന ഒരാളെ ജഡ്ജിയായി കൊണ്ടുവരാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘എന്റെ ലൈംഗികതയാണ് പ്രശ്‌നം, ഒരു സ്വവര്‍ഗാനുരാഗിയെ സര്‍ക്കാര്‍ ഹൈക്കോടതി ജഡ്ജായി നിയമിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, അതൊരു അപ്രഖ്യാപിത കാരണമാണ്.
കൊളീജയം സംവിധാനത്തിന്റെ പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. സര്‍ക്കാര്‍ നിയമം അതേപടി പാലിക്കാത്തതിന്റെ പ്രശ്‌നമാണിത്,’ കൃപാല്‍ പറഞ്ഞു.
എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ കാഴ്ചപ്പാട് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോമോസെക്ഷ്വാലിറ്റി ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള നിയമപോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ സൗരഭ് കൃപാല്‍. സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളില്‍ ഹരജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാല്‍.
നിയമിതനാകുകയാണെങ്കില്‍ ഇന്ത്യന്‍ കോടതിയില്‍ നിയമിതനാകുന്ന ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ ജഡ്ജായായരിക്കും അഡ്വ. സൗരഭ് കൃപാല്‍.
2017ല്‍ ദല്‍ഹി ഹൈക്കോടതിയാണ് സൗരഭ് കൃപാലിന്റെ പേര് ആദ്യമായി ജഡ്ജ് സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കൃപാലിനെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കൃപാലിന്റെ പങ്കാളി യൂറോപ്യന്‍ പൗരനാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും, ഇത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കൃപാലിനെ ജഡ്ജാക്കാനുള്ള ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
2018, 2019, 2020 വര്‍ഷങ്ങളിലും കൊളീജിയത്തിന് മുന്നില്‍ കൃപാലിന്റെ പേരെത്തിയെങ്കിലും മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ദല്‍ഹി ഹൈക്കോടതി ജഡ്ജായി കൃപാലിനെ സുപ്രീം കോടതി കൊളിജീയം ശിപാര്‍ശ ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയം തീരുമാനമെടുത്തത്. എന്നാല്‍, ഇതിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
2021 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കൃപാലിന്റെ നിയമനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വ്യക്തതയും തേടി കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വവര്‍ഗ പങ്കാളിയെ കുറിച്ചുള്ള ആശങ്കകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് കേന്ദ്രം അതിന് മറുപടി നല്‍കിയത്.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ബി.എന്‍. കൃപാലിന്റെ മകനാണ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായ സൗരഭ് കൃപാല്‍. ഓക്സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്നാണ് സൗരഭ് കൃപാല്‍ നിയമപഠനം പൂര്‍ത്തീകരിച്ചത്.
Content Highlight: ‘Promotion As Judge Delayed As I Am Gay’: Advocate Saurabh Kirpal