| Friday, 17th February 2023, 6:39 pm

പ്രൊമോ വീഡിയോയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗങ്ങള്‍; ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ വീഡിയോ പുറത്തുവന്നിരുന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ റാലികളില്‍ സ്ത്രീകള്‍ മുടി മുറിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രമോഷന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്.

മാര്‍ച്ച് 3,4 തീയതികളില്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന റെയ്സിന ഡയലോഗില്‍ പങ്കെടുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം ഇറാനിലെ സദാചാര പൊലീസിന്റെ ആക്രമണത്തില്‍ 22 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. മഹ്‌സ അമിനി എന്ന യുവതിയാണ് സദാചാര പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യക്തി സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റം, സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ഫെബ്രുലരി 14 വരെ 71 കുട്ടികള്‍ ഉള്‍പ്പെടെ 529 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍വകലാശാലകളിലും തെരുവുകളിലും പട്ടണങ്ങളിലും നടന്ന പ്രതിഷേധത്തില്‍ 720 വിദ്യാര്‍ത്ഥികളുള്‍പ്പെടെ 19763 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെട്ടു.

പൊലീസ് വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Content Highlight: Promo video features anti-government protests; Iran’s foreign minister cancels visit to India

We use cookies to give you the best possible experience. Learn more