'മുസ്‌ലീങ്ങള്‍ പ്രതികളാകുന്ന ഏത് കേസിലും അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം' ; മമതാ ബാനര്‍ജിയ്ക്ക് മുസ്‌ലിം സംഘടനകളുടെ കത്ത്
കൊല്‍ക്കത്ത: ഡോക്ടര്‍മാര്‍ക്കും മോഡല്‍ ഉഷോഷി സെന്‍ഗുപ്തയ്ക്കുമെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുസ്‌ലിം സംഘടനയുടെ കത്ത്. ഇരു സംഭവങ്ങളിലും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അതുവഴി അവര്‍ സംരക്ഷിക്കപ്പെടുന്നു, പ്രീണിപ്പിക്കപ്പെടുന്നുവെന്ന പ്രതീതി ഇല്ലാതാക്കണമെന്നുമാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടത്.
‘ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളിലും വലിയ ആശങ്കയുണ്ട്. ഇരുസംഭവങ്ങളിലും അക്രമികള്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ടവരാണ്. അതില്‍ ആശങ്കയുണ്ട്.’ എന്നാണ് കത്തില്‍ പറയുന്നത്.
‘ ഈ രണ്ടു കേസുകളില്‍ മാത്രമല്ല, മുസ്‌ലീങ്ങള്‍ക്ക് ബന്ധമുള്ള എല്ലാ കേസുകളിലും അക്രമികളെ പുറത്തുകൊണ്ടുവരണം. മുസ്‌ലീങ്ങള്‍ ആയിപ്പോയി എന്നതുകൊണ്ടുമാത്രം അവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. അങ്ങനെ വന്നാല്‍ പലയാളുകളും വിശ്വസിക്കുന്നതുപോലെ ഒരു സമുദായത്തിലെ അംഗങ്ങള്‍ മാത്രം പ്രീണിപ്പിക്കപ്പെടുന്നു, സംരക്ഷിക്കപ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടും.’ കൊല്‍ക്കത്തയിലെ 46 പ്രമുഖ മുസ്‌ലിം കുടുംബങ്ങള്‍ എഴുതിയ കത്തില്‍ പറയുന്നു.
ജൂണ്‍ 10ന് നില രതന്‍ സിര്‍കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനു പിന്നില്‍ മുസ്‌ലീങ്ങളാണെന്നതിനാലാണ് അക്രമികള്‍ക്കെതിരെ മമതാ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനകള്‍ മമതയ്ക്ക് കത്തയച്ചിരിക്കുന്നത്.