നല്ല 'മണ്ടൻ കളി', 'തട്ടി മുട്ടി ജയിച്ചു'; മെസിയെയും നെയ്മറെയും വിമർശിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ
football news
നല്ല 'മണ്ടൻ കളി', 'തട്ടി മുട്ടി ജയിച്ചു'; മെസിയെയും നെയ്മറെയും വിമർശിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 8:45 am

ഖത്തർ ലോകകപ്പ് ഫുട്ബോൾ പ്രമാണിച്ച് നിർത്തി വെച്ചിരുന്ന ഫുട്ബോൾ ലീഗുകൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു.

ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിലേക്ക് ലോകകപ്പ് വിജയത്തിന് ശേഷം വളരെ വൈകിയാണ് മെസി തിരിച്ചെത്തിയത്.

ഏഞ്ചേഴ്സിനെതിരെ നടന്ന പി.എസ്.ജിയുടെ മത്സരത്തിലാണ് മെസി ഒരു ഇടവേളക്ക് ശേഷം ഫ്രഞ്ച് ക്ലബ്ബിനായി ബൂട്ട് അണിഞ്ഞത്. മത്സരത്തിൽ മെസി നേടിയ ഒരു ഗോൾ ഉൾപ്പെടെ എതിരില്ലാത്ത രണ്ട് ഗോളിന് കളി സ്വന്തമാക്കാൻ പി.എസ്.ജിക്ക് സാധിച്ചിരുന്നു.

മെസിയും നെയ്മറും ഒരു ഇടവേളക്ക് ശേഷം ഒന്നിച്ചു കളിച്ച മത്സരം എന്ന പ്രേത്യേകതയും ഈ കളിക്കുണ്ടായിരുന്നു.
എന്നാൽ മെസിയുടെയും നെയ്മറുടെയും പി.എസ്.ജിക്ക് വേണ്ടിയുള്ള മത്സരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ഡാനിയേൽ റയോലൊ.

മത്സരത്തിൽ വിജയിച്ചെങ്കിലും മെസിയും നെയ്മറും അവരുടെ കഴിവിനൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല എന്നാണ് ഡാനിയേൽ റയോലൊ പങ്കുവെച്ച പ്രധാന വിമർശനം.

“എന്തൊരു മത്സരമാണിത്, നെയ്മർ വെറുതെ ഗ്രൗണ്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. നിങ്ങൾ അവനെയൊന്ന് തൊട്ടാൽ ഉടനെ അവൻ ഗ്രൗണ്ടിലേക്ക് വീഴും. ഇതൊക്കെ വളരെ മോശമാണ്,’ ഡാനിയേൽ റയോലൊ പറഞ്ഞു.

“മെസിയുടെ നല്ലൊരു മത്സരം നമുക്ക് കാണാൻ സാധിച്ചില്ല, പക്ഷെ അദ്ദേഹം തരക്കേടില്ലാതെ കളിച്ചു. മെസിയെ കൂടുതൽ വിമർശിക്കുന്നതിൽ എനിക്ക് പരിമിതിയുണ്ട്. നെയ്മർ എടുക്കുന്ന ഫ്രീ കിക്കുകൾ പരിശോധിക്കുകയാണെങ്കിൽ അത്തരം സെറ്റ് പീസുകളെ മുതലാക്കുന്നതിൽ നെയ്മർക്ക് എന്തോ വിമുഖതയുള്ളതായാണ് എനിക്ക് തോന്നുന്നത്,’ ഡാനിയേൽ റയോലൊ കൂട്ടിച്ചേർത്തു.

കൂടാതെ മികച്ച താരങ്ങളെ വെച്ച് വളരെ മോശം കളിയാണ് പി.എസ്.ജി കാഴ്ച വെച്ചതെന്നും ടീമിന്റെ മധ്യ നിര തീരെ ചാലനാത്മകമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ മത്സരത്തിൽ എംബാപ്പെ കളിക്കാൻ ഇറങ്ങിയിരുന്നില്ല. ജനുവരി 19ന് അൽ നസറിനെതിരെയുള്ള സന്നാഹ മത്സരത്തിൽ മെസിയും എംബാപ്പെയും ഒരുമിച്ച് മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ നെയ്മർ ഈ മത്സരം കളിക്കുന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

 

Content Highlights:Prominent journalist criticizes Messi and Neymar playing bad football against angers