| Saturday, 18th February 2023, 12:58 pm

ദീപിക പദുക്കോണും പ്രഭാസും ഒന്നിക്കുന്ന 'പ്രൊജക്ട് കെ' എത്തുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, പ്രഭാസ് എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2024 ജനുവരി പന്ത്രണ്ടിനായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച പുതിയ വിവരം ദീപിക പദുക്കോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്ത് വിട്ടത്.

ആരാധകര്‍ വലിയ ആവേശത്തോടെയാണ് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്ററിനൊപ്പം തന്റെ ആരാധകര്‍ക്ക് ശിവരാത്രി ആശംസകളും താരം നേര്‍ന്നു. ദീപികക്ക് പുറമെ അമിതാഭ് ബച്ചനും പ്രഭാസും ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

റിലീസ് ഡേറ്റിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും താരങ്ങള്‍ പങ്കുവെച്ചു. ദീപിക പദുക്കോണിന്റെ ജന്മദിനമായ ജനുവരി ദീപികയുടെ ഫസ്റ്റ് ലുക്ക് നിര്‍മാതാക്കളായ വൈജയന്തി പുറത്ത് വിട്ടിരുന്നു. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ഷാരൂഖ് ഖാന്‍ നായകനായ പത്താനാണ് ദീപികയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. 1000കോടിയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് പത്താനിപ്പോള്‍.

ജനുവരി 25ന് തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളും മറ്റും ഉയര്‍ന്നുവന്നിരുന്നു. പത്താനിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് സംഘപരിവാര്‍ രംഗത്ത് വന്നത്.

CONTENT HIGHLIGHT: PROJECT K RELEASE DATE

We use cookies to give you the best possible experience. Learn more