വൈജയന്തി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന പ്രോജക്ട് കെ ചരിത്രം കുറിക്കുന്നു. സാന്‍ ഡിയാഗോ കോമിക്ക് കോണില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം.
പ്രഭാസിന്റെ കഥാപാത്രത്തെ ഒരു കാരിക്കേച്ചര്‍ രൂപത്തില്‍ പുതുതായി പുറത്തിറക്കിയ പോസ്റ്ററില്‍ കാണാം. എല്ലാവിധ സൂപ്പര്‍ പവേഴ്സുള്ള ഒരു സൂപ്പര്‍ ഹീറോ ലുക്കിലാണ് പ്രഭാസ്.
ജൂലൈ 20ന് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ നാഗ് അശ്വിനൊപ്പം വിശിഷ്ടാതിഥികളായ ഉലകനായകന്‍ കമല്‍ഹാസന്‍, സൂപ്പര്‍താരങ്ങളായ പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവരടങ്ങുന്ന പാനലോടെയാണ് എസ്.ഡി.സി.സി ആഘോഷം ആരംഭിക്കുന്നത്. ചടങ്ങില്‍ വെച്ച് പ്രോജക്ട് കെയുടെ സൃഷ്ടാക്കള്‍ ചിത്രത്തിന്റെ ടൈറ്റില്‍, ടീസര്‍, റിലീസ് തീയതി എന്നിവ പ്രഖ്യാപിക്കും.
ഇതുവരെ എഴുതിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇതിഹാസങ്ങളുടെയും സൂപ്പര്‍ ഹീറോകളുടെയും നാടാണ് ഇന്ത്യയെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പറഞ്ഞു. ‘ഞങ്ങളുടെ സിനിമ ഇത് പുറത്തുകൊണ്ടുവരാനും ലോകവുമായി പങ്കിടാനുമുള്ള ശ്രമമാണ്. കോമിക് കോണ്‍ ആഗോള പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ കഥയെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വേദികൂടിയായി ഞങ്ങള്‍ കാണുന്നു,’ നാഗ് അശ്വിന്‍ പറഞ്ഞു.
ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രൊഡക്ഷന്‍ ഹൗസുകളിലൊന്ന് എന്ന നിലയില്‍ ഈ അസാധാരണ യാത്ര ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് നിര്‍മാതാവ് അശ്വനി ദത്ത് പറഞ്ഞു. ‘നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളോടൊപ്പം ചേര്‍ന്നുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ തകര്‍ക്കുകയാണ് . ആഗോള ഭൂപടത്തില്‍ ഇന്ത്യന്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ഇത് അഭിമാന നിമിഷമാണ്. കോമിക് കോണ്‍ ആണ് ഞങ്ങള്‍ക്ക് ആ ലോക വേദി,’ അശ്വനി ദത്ത് പറഞ്ഞു.
വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. സംക്രാന്തി നാളില്‍ ജനുവരി 12, 2024 ല്‍ ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ – ശബരി
Content Highlight: project k is all set to become the first Indian film to be screened at the San Diego Comic Cone