ന്യൂദല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരി മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദീപാവലി ദിവസം രാത്രിമുതലാണ് ഇവിടെ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തേയും ദ്രുതകര്‍മ്മസേനയേയുമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
അക്രമസംഭവങ്ങളില്‍ 13 പോലീസുകാര്‍ ഉള്‍പ്പെടെ 14 ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റതാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 60 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. ജനക്കൂട്ടം നിരവധി കടകളും വാഹനങ്ങളും തകര്‍ത്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്.
ബ്ലോക്ക് 27ലാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിക്കാനിടയുണ്ടെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ശനിയാഴ്ച ചിലയിടങ്ങളില്‍ കല്ലേറുണ്ടായി. ടോയിലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് നിറച്ച ബോട്ടിലുകള്‍ ചിലര്‍ എറിയുണ്ടെന്നും ദ്രുതകര്‍മ്മ സേനയിലെ ചിലര്‍ക്ക് ഇതുകൊണ്ട് പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
നിരവധി ബ്ലോക്കുകളിലും ലൈനുകളിലുമായി ആളുകള്‍ തിങ്ങി നിറഞ്ഞ പ്രദേശമാണിത്. പ്രദേശം നിരീക്ഷിക്കുന്നതിനായി ദ്രുതകര്‍മ്മ സേനയിലെ ചിലര്‍ വലിയ ബില്‍ഡിങ്ങിന് മുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 15, 16, 17, 18, 19, 20, 22, 28, 29 ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
മൂന്ന് ദിവസമായി അക്രമസംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥലത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നുണ്ടെന്നും ജനങ്ങളോട് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അജയ് കുമാര്‍ പറഞ്ഞു.
സ്ഥലത്തെ സാഹചര്യം ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് ഏജന്‍സികളും കൃത്യമായി നീരീക്ഷിക്കുന്നുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ സ്ഥലത്ത് തമ്പു ചെയ്തിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്നുള്ള ഫോഴ്‌സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.