| Wednesday, 24th April 2024, 4:47 pm

കേരളം കലാശക്കൊട്ടിലേക്ക്; മലപ്പുറത്ത് സംഘര്‍ഷം, തൃശൂരും കാസര്‍കോടും നിരോധനാജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകീട്ട് ആറു വരെയാണ് കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയിലുടനീളം യാതൊരു വിധത്തിലുള്ള പൊതുയോഗങ്ങളും പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചരണത്തിന് തടസമില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഏപ്രില്‍ 24 വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെയാണ് തൃശൂരിലെ നിരോധനാജ്ഞ. വോട്ടെടുപ്പിന് ശേഷം ഏപ്രില്‍ 27ന് രാവിലെ ആറ് വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആര്‍. കൃഷ്ണതേജയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് കലാശക്കൊട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് രൂക്ഷമായ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

Content Highlight: Prohibitory orders announced in Thrissur and Kasaragod districts in the wake of the elections

Latest Stories

We use cookies to give you the best possible experience. Learn more