Sabarimala women entry
ശബരിമലയില്‍ നാളെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന  നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 02, 01:09 pm
Friday, 2nd November 2018, 6:39 pm

ശബരിമല: അഞ്ചാംതീയതി ശബരിമല ക്ഷേത്ര നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ആറാംതീയതി അര്‍ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ.

അഞ്ചാംതീയതി ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്.പി ടി. നാരായണന്‍ അറിയിച്ചു. ശബരിമലയിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദ്ദേശത്തിനൊപ്പം പരിശോധന ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : “ഒരു അറ്റാക്ക് വന്ന് തട്ടിപ്പോയിരുന്നെങ്കില്‍ വീരബലിധാനി ആവാമായിരുന്നു”; സംഘപരിവാറിനെതിരെ ട്രോള്‍ മഴ

നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ പ്രത്യേക സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡി.ജി.പി അനില്‍കാന്ത് ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും നാളെ മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. 2 ഐ.ജിമാര്‍, 5 എസ്പിമാര്‍, 10 ഡി.വൈ.എസ്.പിമാര്‍ അടക്കം 1200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

അഞ്ചാം തീയതി ഉച്ചയോടെ മാത്രമേ ഭക്തരെ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തി വിടു. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.