|

ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ മകരവിളക്ക് നടക്കുന്ന ജനുവരി 14 വരെ നീട്ടി. നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു.

സന്നിധാനം. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിരോധനാജ്ഞ പ്രകാരം ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.

യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ പുറത്തെ സംഘര്‍ഷങ്ങള്‍ ശബരിമലയെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. സംഘര്‍ഷം കൊണ്ട് ഭക്തരുടെ വരവിലും കുറവ് വന്നിരുന്നില്ല.

അതേസമയം തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഇവിടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കൂടുതല്‍ പൊലീസിനെ നിയോഗിച്ച് സുരക്ഷ ഒരുക്കാന്‍ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും.

Latest Stories