പുല്‍പ്പള്ളി: വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ. പഞ്ചായത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതില്‍ അഞ്ച് ലക്ഷം രൂപ ശനിയാഴ്ച തന്നെ പോളിന്റെ കുടുംബത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. പോളിന്റെ പങ്കാളിക്ക് താത്കാലിക ജോലി നല്‍കും. ജോലി സ്ഥിരമാക്കാനുള്ള ശുപാര്‍ശയും നല്‍കും. മകളുടെ പഠനം ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറാവുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടിക്കാരെ പറ്റിച്ചതിന് സമാനമായി പുല്‍പ്പള്ളിക്കാരെ സര്‍ക്കാര്‍ വഞ്ചിക്കാന്‍ നില്‍ക്കരുതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പോളിന്റെ വീട്ടിലേക്ക് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. ശുപാര്‍ശകള്‍ പ്രഖ്യാപിക്കാതെ കൃത്യമായ നടപടിയുമായി സര്‍ക്കാര്‍ ഉദോഗസ്ഥര്‍ നാട്ടിലേക്ക് എത്തിയാല്‍ മതിയെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
താത്കാലിക വാഗ്ദാനങ്ങള്‍ക്ക് പകരം ശ്വാശ്വത പരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഇനി ക്ഷമിച്ചിരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വന്‍ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധത്തില്‍ നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയിരുന്നു. വന്യജീവികളുടെ ആക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.
ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി പുല്‍പ്പള്ളിയിലെത്തിയിരിക്കുന്നത്. പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു.
ജീപ്പിന് പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടര്‍ന്നു. ടി.സിദ്ദിഖ് എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ നിയന്ത്രിക്കാനെത്തിയെങ്കിലും അദ്ദേഹത്തിനെതിരെയും പ്രതിഷേധമുണ്ടായി. വനംവകുപ്പും സര്‍ക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.
Content Highlight: Prohibition order in Pulpally Panchayat