യുദ്ധം നിര്‍ത്താന്‍ ഇടപെടണം; ബൈഡനോട് ആവശ്യപ്പെട്ട് പുരോഗമന ഡെമോക്രാറ്റ്‌സുകള്‍
World News
യുദ്ധം നിര്‍ത്താന്‍ ഇടപെടണം; ബൈഡനോട് ആവശ്യപ്പെട്ട് പുരോഗമന ഡെമോക്രാറ്റ്‌സുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2023, 4:12 pm

 

വാഷിങ്ടണ്‍: ഇസ്രഈല്‍-ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ ബൈഡന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ച് യു.എസിലെ പുരോഗമന ഡെമോക്രാറ്റുകളുടെ സംഘം. കോറി ബുഷിന്റെയും റാഷിദ തലെയ്ബിന്റെയും നേതൃത്വത്തില്‍ 12 ഓളം വരുന്ന പാര്‍ലമെന്റിലെ പുരോഗമന ഡെമോക്രേറ്റുകളാണ് പ്രമേയംവഴി ആവശ്യം ഉന്നയിച്ചത്.

ആന്‍ഡ്രി കാര്‍സോ, സമ്മര്‍ ലീ, ഡെലിയ റെമിറസ് , ജമാല്‍ ബോമാന്‍ തുടങ്ങി പന്ത്രണ്ടോളം പേര്‍ പ്രമേയത്തില്‍ ഒപ്പുവെച്ചു.

യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാനും ആക്രമണങ്ങള്‍ ആവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും ഇടപെടാന്‍ ബൈഡന്‍ ഭരണകൂടത്തോട് പ്രമേയം ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിനോട് യുദ്ധമുഖത്തേക്ക് മാനുഷികമായ സഹായങ്ങള്‍ എത്തിക്കാനും പുരോഗമന ഡെമോക്രേറ്റ്‌സ് അഭ്യര്‍ത്ഥിച്ചു.

‘ആരുടെയും വിശ്വാസത്തെയോ വംശത്തെയോ പ്രത്യേകം പരിഗണിക്കാതെ എത്രയും വേഗം കഴിയുന്നത്ര ജീവന്‍ രക്ഷിക്കുന്ന സമീപനമാണ് വേണ്ടത്. വെടിനിര്‍ത്തലിനും, യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാന്‍വേണ്ടിയും എന്റെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തുന്ന പോരാട്ടങ്ങളില്‍ പങ്കു ചേരാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ തെയ്‌ലിബ് പറഞ്ഞു

‘ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇസ്രഈലികളെയും, ഫലസ്തീകളെയും, അമേരിക്കാരെയും കുറിച്ചോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു. യുദ്ധമോ പ്രതികാരമോ നീതി നല്‍കില്ല,’ കോണ്‍ഗ്രസ് അംഗം കോറി ബുഷ് പറഞ്ഞു.

50 ഓളം വരുന്ന പുരോഗമന യുദ്ധവിരുദ്ധ മുസ്‌ലീം ജൂത സംഘടനകള്‍ പ്രമേയം അനുകൂലിച്ചിട്ടുണ്ട്.

കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വെടി നിര്‍ത്തല്‍ നടപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ടസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ വിശ്വാസികളുടെയും പുരോഗമന വാദികളുടെയും സംഘം ബൈഡന്‍ ഗവണ്‍മെന്റിന് കത്തയച്ചു.

യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രഈല്‍ സൈന്യത്തെ അനുകൂലിക്കുന്ന നിലപാടാണ് ബൈഡന്‍ ഗവണ്‍മെന്റ് എടുത്തത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഒരു വിഭാഗം പുരോഗമന ഡെമോക്രേറ്റ്‌സുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇവരുടെ പ്രതികരണങ്ങളെ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാരില്‍ ജീന്‍ പിയര്‍ ‘അരോചം’ എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം രക്തചൊരിച്ചില്‍, വെടിനിര്‍ത്തല്‍, യുദ്ധം നിര്‍ത്തലാക്കുക തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Content highlight: Prograssive democrat requested Joe Biden  to take initiative stop isreal-hamas war