കോഴിക്കോട്: ശബരിമലയിലെത്തി അയ്യപ്പദര്‍ശനത്തിനു സാധിക്കാതെ പോയവര്‍ക്കു നിയുക്ത ശബരിമല മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യുന്നതിനുള്ള അവസരമൊരുക്കി ഒരു പരിപാടി. ദര്‍ശനം സാധിക്കാതെ പോയ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയെ പാദനമസ്‌കാരം ചെയ്യുന്നതിനു വിവേകാനന്ദ ട്രാവല്‍സ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കൂത്തുപറമ്പില്‍ സെപ്റ്റംബര്‍ അഞ്ചിനു വൈകിട്ട് മൂന്നരയ്ക്കു നടക്കുന്ന പരിപാടിയുടെ നോട്ടീസ് ഇതോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ ഒ.കെ വാസുവാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍മന്ത്രി കെ.പി മോഹനന്‍, പി. സത്യപ്രകാശ് മാസ്റ്റര്‍, അഡ്വ. പി.വി സൈനുദ്ദീന്‍, കെ. പ്രഭാകരന്‍, വി.കെ സുരേഷ്ബാബു തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സി.പി.ഐ.എം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി സുമേഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
പരിപാടിയില്‍ മേല്‍ശാന്തിയെ പൊന്നാട അണിയിക്കുന്ന ചടങ്ങുമുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വീകരണ പരിപാടികള്‍ക്കു ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണെന്നും അതില്‍ പറയുന്നു. കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണു പരിപാടി നടക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമല ശ്രീധര്‍മ്മശാസ്താവിനെ കുളിപ്പിക്കാനും ഊട്ടിയുറക്കാനും അഭിഷേകം ചെയ്യാനും അനുഗ്രഹം സിദ്ധിച്ചയാളാണ് മേല്‍ശാന്തിയെന്നാണ് നോട്ടീസില്‍ വിശേഷിപ്പിക്കുന്നത്.