| Monday, 12th September 2022, 12:32 pm

തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയുടെ പരിപാടി റദ്ദാക്കി ന്യൂജേഴ്‌സി ചര്‍ച്ച്; തീരുമാനം വര്‍ഗീയ വാദിയുടെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂജേഴ്‌സി/ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വവാദിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ സാധ്വി ഋതംബരയുടെ പരിപാടി റദ്ദാക്കി ന്യൂ ജേഴ്‌സിയിലെ പള്ളി. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് ചര്‍ച്ച് കമ്മിറ്റിയെ ഉദ്ധരിച്ച് നോര്‍ത്ത് ജേഴ്‌സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാളാണ് സാധ്വി ഋതംബര. ഇന്ത്യയിലുടനീളം കലാപങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവം കൂടിയായിരുന്നു ഇത്. 2020ല്‍ ലഖ്‌നൗവിലെ കേന്ദ്ര അന്വേഷണ ഏജന്‍സി പിന്നീട് ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

സാധ്വിയാണ് വിശ്വഹിന്ദു പരിഷത്തിലെ സ്ത്രീകളുടെ ശാഖക്ക് നേതൃത്വം നല്‍കിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ചും മുസ്‌ലിം വിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് സാധ്വി.

അടുത്തിടെ ഹിന്ദു ദമ്പതികളോട് നാലു കുട്ടികളെ പ്രസവിക്കണമെന്നും അതില്‍ രണ്ടുപേരെ ഹിന്ദു രാഷ്ട്രം നിര്‍മിക്കുന്നതിലേക്ക് സംഭാവന ചെയ്യണമെന്നുമുള്ള സാധ്വിയുടെ പരാമര്‍ശം വലിയ രീതിയില്‍ വിവാദമായിരുന്നു.

ന്യൂജേഴ്‌സി റിഡ്ജ്‌വുഡിലെ ഓള്‍ഡ് പരാമസ് റിഫോംഡ് ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സാധ്വിയെ ക്ഷണിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പരിപാടി റദ്ദാക്കണമെന്നും അതിഥിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ക്ഷണിക്കരുതെന്നും ആവശ്യപ്പെട്ട് ആയിരത്തിലധികം മെയിലുകളും നിരവധി ഫോണ്‍കോളുകളും ലഭിച്ചതായി ചര്‍ച്ച് മാനേജ്‌മെന്റ് വ്യക്തമാക്കുന്നുണ്ട്. സാധ്വിയുടെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും ഇതിനാലാണ് ക്ഷണിച്ചതെന്നും റെവറന്റ് റോബര്‍ട്ട് മില്ലര്‍ പറഞ്ഞു.

തങ്ങള്‍ നടത്താനിരുന്ന പരിപാടി സമാധാനത്തിന്റെയും ഐക്യത്തിന്റേയും സന്ദേശം പങ്കുവെക്കുന്നതാണെന്നും ഇതിന് ഒരിക്കലും ചേര്‍ന്ന അതിഥിയല്ല സാധ്വിയെന്ന് തിരിച്ചറിഞ്ഞുവെന്നും ചര്‍ച്ച് കമ്മിറ്റി വ്യക്തമാക്കി.

വെള്ളിയാഴ്ച ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സാധ്വിയുടെ പരിപാടി റദ്ദാക്കണമെന്ന്് ചര്‍ച്ച് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ദുഷ്ടശക്തികള്‍ക്ക് ന്യൂ ജേഴ്‌സി അവസരം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും ഒപ്പം പരിപാടി റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (ഐ.എ.എം.സി) ട്വിറ്ററില്‍ കുറിച്ചു.

1995ല്‍ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐ.എ.എം.സി ചൂണ്ടിക്കാണിച്ചു. മദര്‍ തെരേസയെ മാന്ത്രികയെന്നായിരുന്നു അന്ന് സാധ്വി പരാമര്‍ശിച്ചത്. ഇത് പിന്നീട് ഹിന്ദു-ക്രിസ്ത്യന്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Program of sadhvi ritambhara cancelled in new jersey as outcry erupted

We use cookies to give you the best possible experience. Learn more