'ആര്‍ത്തവം അനുഗ്രഹമാണ്, അഭിമാനമാണ്'; വനിതാ ദിനത്തോടനുബന്ധിച്ച് ആര്‍ത്തവത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പരിപാടിയുമായി തിരുവനന്തപുരം സി.എസ്.ഐ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍
Womens Day
'ആര്‍ത്തവം അനുഗ്രഹമാണ്, അഭിമാനമാണ്'; വനിതാ ദിനത്തോടനുബന്ധിച്ച് ആര്‍ത്തവത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പരിപാടിയുമായി തിരുവനന്തപുരം സി.എസ്.ഐ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 10:00 pm

തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടിയുമായി തിരുവനന്തപുരത്തെ പാറശാലയിലുള്ള സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനികള്‍. കോളേജിലെ കെ.എസ്.യുവിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

“ആര്‍ത്തവം അനുഗ്രഹമാണ്, അഭിമാനമാണ്” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാനോ തനിക്ക് ആര്‍ത്തവമാണെന്ന് പറയാനോ ഒരു പെണ്ണും മടി കാണിക്കേണ്ട കാര്യമില്ല എന്ന് വിദ്യാര്‍ത്ഥിനികളെ ബോധവല്‍ക്കരിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.


Read Also: ബാബറി മസ്ജിദ് വിഷയത്തിലെ ‘സിറിയ’ പരാമര്‍ശത്തില്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പരാതി; കേസെടുക്കാതെ പൊലീസ്


പാഡ്മാന്‍ ചലഞ്ചിനെ മാതൃകയാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ത്തവത്തെ കുറിച്ചോര്‍ത്ത് പെണ്‍കുട്ടികള്‍ക്ക് ലജ്ജ തോന്നേണ്ടതില്ലെന്നും ആര്‍ത്തവത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടതെന്നും പരിപാടിയില്‍ സംസാരിച്ചുകൊണ്ട് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അല്‍ഷിഫ മുഹമ്മദ് പറഞ്ഞു.

ക്യാംപസില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. ക്യാംപസുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കണമെന്ന് യു.ജി.സിയുടെ നിര്‍ദ്ദേശമുണ്ടെന്നും അതിനാല്‍ മെഷീന്‍ ഉടന്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഉപയോഗിച്ച നാപ്കിനുകള്‍ നശിപ്പിക്കാനുള്ള സംവിധാനം കോളേജില്‍ ഒരുക്കണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെടുന്നുണ്ട്.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്കില്‍ പിന്തുടരാനായി ഇവിടെ ക്ലിക്ക് ചെയ്യുക.