പ്രൊഫസര്‍ ടി.ജെ ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിയ്ക്കും
Kerala
പ്രൊഫസര്‍ ടി.ജെ ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിയ്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th March 2014, 9:58 am

[share]

[] തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിയ്ക്കും.

കോതമംഗലം രൂപത ബിഷപ്പുമായി പ്രൊഫസര്‍ ടി.ജെ.ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമന ഉത്തരവ് കൈമാറുമെന്ന് ബിഷപ്പ് അറിയിച്ചതായി ജോസഫ് പറഞ്ഞു. ട്രിബ്യൂണലില്‍ നിന്ന് ഉത്തരവ് ലഭിയ്ക്കാന്‍ വൈകിയതാണ് ജോസഫിന്റെ നിയമനം നീളാന്‍ കാരണമായതെന്നാണ് ബിഷപ്പ് നല്‍കിയ വിശദീകരണം.

ഈ മാസം 31 ന് റിട്ടയറാവേണ്ട ജോസഫിന് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമാണ് പെന്‍ഷനുള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ലഭിയ്ക്കുകയുള്ളു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോസഫിനെ ജോലിയില്‍ തിരികെയെടുക്കുമെന്ന് കഴിഞ്ഞ ദിവസം കോതമംഗലം രൂപതഅറിയിച്ചിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോസഫ് തിരികെ ജോലിയില്‍ പ്രവേശിയ്ക്കുന്നത്. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും ജോസഫിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിയ്ക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല.

ടി.ജെ ജോസഫിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും ഭാര്യ സലോമിയുടെ ആത്മഹത്യയും ഏറെ ചര്‍ച്ചയായിരുന്നു. പ്രൊഫസറുടെ ദയനീയ ജീവിതത്തിന് കോതമംഗലം രൂപതയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളതായിരുന്നു പ്രചരണം. അതിനിടെ ടി.ജെ ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് പറഞ്ഞ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ധനസുമോദ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പക്ക് നിവേദനവും നല്‍കിയിരുന്നു.

അതേ സമയം തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ടി.ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഈ മാസം 19നാണ് ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തത്. ജോസഫിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിയ്ക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കളും സൃഹൃത്തുക്കളും പറഞ്ഞിരുന്നു.  ഒരു മാസമായി സലോമി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വീടിന് പുറത്തിറങ്ങാന്‍ മടിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തെ് വെച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി ഒരു കൂട്ടം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടി മാറ്റിയത്. ജോസഫിന്റെ ഭാര്യ സലോമി സംഭവത്തിന് സാക്ഷിയായിരുന്നു. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.