നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കോളേജിലേയ്ക്ക് ; ക്ലാസെടുക്കണമെന്ന മോഹം ബാക്കിയായി
Kerala
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കോളേജിലേയ്ക്ക് ; ക്ലാസെടുക്കണമെന്ന മോഹം ബാക്കിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th March 2014, 6:58 am

[share]

[] തൊടുപുഴ: നാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ന്യൂമാന്‍ കോളേജ് കാമ്പസിലേക്ക് പ്രൊഫ. ടി.ജെ.ജോസഫ് വീണ്ടുമെത്തി. ഈ മാസം 31ന് വിരമിയ്ക്കുന്ന ജോസഫിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസമെങ്കിലും ക്ലാസെടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ മലയാളം ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ ജോസഫിന് തന്റെ ആഗ്രഹം പൂര്‍ത്തീകരിയ്ക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ പാഠ്യഭാഗങ്ങള്‍ തീര്‍ന്നതായി പ്രിന്‍സിപ്പല്‍ ഡോ. ടി.എം.ജോസഫാണ് അറിയിച്ചത്. തനിക്കുവേണ്ടി പാഠ്യഭാഗം ബാക്കിവെയ്ക്കാനാകില്ലല്ലോയെന്നാണ് അദ്ദേഹം സ്വയം ആശ്വാസവാക്ക് പറഞ്ഞത്.

ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ. ജെസഫിനെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. പിന്നീട് കോളേജ് മാനേജ്‌മെന്റ് ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് കുറ്റക്കാരനല്ലെന്ന് കോടതിവിധി വന്നിട്ടും ജോസഫിന്റെ നിയമനം നീളുകയായിരുന്നു.

രാവിലെ 6.15ന് മൂവാറ്റുപുഴ നിര്‍മ്മല്‍ മാതാ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കുകൊണ്ടശേഷം ഭാര്യ സലോമിയുടെ കബറിടത്തിലും പ്രാര്‍ഥന നടത്തിയാണ് ജോസഫ് കോളേജിലേയ്ക്ക് പോയത്. ഭാര്യ സലോമി ഈയവസരത്തില്‍ ഒപ്പമില്ലെന്ന ദുഖത്തിലും സഹോദിയ്‌ക്കൊപ്പം രാവിലെ കൃത്യം 9.30ന് തന്നെ അദ്ദേഹം കോളേജിലെത്തി.

കഴിഞ്ഞ ദിവസം കോതമംഗലം രൂപത അധികൃതര്‍ ജോസഫിന് നിയമന ഉത്തരവ് കൈമാറിയിരുന്നു. രാവിലെ ഒമ്പതരയ്ക്ക് കോളേജില്‍ എത്താനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. മുഴുവന്‍ ആനുകൂല്യങ്ങളോടെയും വിരമിക്കാന്‍ സൗകര്യം ഒരുക്കാമെന്നും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 31ന് റിട്ടയര്‍ ആകുന്ന ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമേ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുകയുള്ളൂ.

ടി.ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ജോസഫിനെ തിരിച്ചെടുക്കാന്‍ സഭ കാണിക്കുന്ന വിമുഖത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനമെടുത്തത്.