അലിഗഢ്: ഫോറന്‍സിക് സയന്‍സ് ക്ലാസിനിടെ ഹിന്ദു പുരാണത്തിലെ ‘ബലാത്സംഗ’ത്തെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു.
അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ജവഹര്‍ ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ജിതേന്ദ്ര കുമാറിനെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
മെഡിക്കല്‍ നിയമശാസ്ത്രം (മെഡിക്കല്‍ ജൂറിസ്പ്രുഡന്‍സ്) പഠിപ്പിക്കുന്നതിനിടെയാണ് ഇയാള്‍ ഹിന്ദു പുരാണത്തിലെ ‘ബലാത്സംഗത്തെ’ കുറിച്ച് പരാമര്‍ശിച്ചത്.
ജിതേന്ദ്ര കുമാറിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായും കോളേജ് അധികൃതര്‍ അറിയിച്ചു.
വിഷയം അന്വേഷിക്കാന്‍ രണ്ടംഗ കമ്മിറ്റിയേയും കോളേജ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അധ്യാപകന്റെ വിശദീകരണവും അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാവും മറ്റു നടപടികളെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്നും മാപ്പ് പറയുന്നുവെന്നും ജിതേന്ദ്ര അറിയിച്ചിരുന്നു.
‘ഏതെങ്കിലും ഒരു മതത്തിന്റെയോ വിശ്വാസത്തിന്റെയോ വികാരം വ്രണപ്പെടുത്തണമെന്നുദ്ദേശിച്ചല്ല ഞാന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
കാലാകാലങ്ങളായി ബലാത്സംഗം സമൂഹത്തില്‍ ഉണ്ടായിരുന്നു എന്ന് വിശദമാക്കാന്‍ വേണ്ടി മാത്രമായിരുന്നു ഞാന്‍ അക്കാര്യം പറഞ്ഞത്,’ എ.എം.യു വൈസ് ചാന്‍സിലര്‍ താരിഖ് അന്‍വറിനെഴുതിയ കത്തില്‍ ജിതേന്ദ്ര കുമാര്‍ പറയുന്നു.
അശ്രദ്ധമാത്രം കൊണ്ട് വന്ന തെറ്റാണിതെന്നും ഇനി ഭാവിയില്‍ ഇത്തരത്തിലൊരു തെറ്റ് തന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പറഞ്ഞു.
പവര്‍പോയിന്റ് പ്രസെന്റേഷന്‍ അടക്കമാണ് ഇയാള്‍ ക്ലാസെടുത്തത്. പിന്നാലെ അധ്യാപകന്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇയാളുടെ ക്ലാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു.