| Monday, 22nd July 2024, 8:28 am

കടയുടമയുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനെതിരെ അപൂര്‍വാനന്ദും ആകര്‍ പട്ടേലും സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കന്‍വാര്‍ തീര്‍ത്ഥാടക പാതയിലെ കടയുടമകളോട് അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിനെതിരെ ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദും കോളമിസ്റ്റ് ആകര്‍ പട്ടേലും സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് അപൂര്‍വാനന്ദ് ഝായും ആകര്‍ പട്ടേലും സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ തെറ്റായ ഇടപെടലാണെന്ന് അപൂര്‍വാനന്ദ് ഝായും ആകര്‍ പട്ടേലും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 15, 17 പ്രകാരം ഉറപ്പുനല്‍കുന്ന പൗരന്മാരുടെ മൗലികാവകാശങ്ങളാണ് ഹനിക്കപ്പെടുന്നതെന്നും ഇരുവരും വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുന്ന ഇത്തരം ഉത്തരവുകള്‍ സര്‍ക്കാരിന്റെ അതിരുകടന്ന നടപടിയാണെന്നും ഹരജിയില്‍ പറയുന്നു. കന്‍വാര്‍ തീര്‍ത്ഥാടക പാതയിലെ കടയുടമകള്‍ക്കായി പുറപ്പെടുവിച്ച ഉത്തരവ് നിയമം അനുശാസിക്കുന്നതല്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.

യു.പി സര്‍ക്കാരിന്റെ ഉത്തരവ്, പ്രത്യേക ജീവനക്കാരെ ഹോട്ടലില്‍ നിന്ന് പിരിച്ചുവിടാന്‍ കടയുടമകളെ നിര്‍ബന്ധിതരാക്കിയെന്നും ഹരജിക്കാര്‍ പറയുന്നു. അമിതാവേശമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും നിര്‍ദേശങ്ങള്‍ നിര്‍ബന്ധിതമായാണ് നടപ്പിലാക്കുന്നത്. ഉത്തരവുകള്‍ പാലിക്കാത്ത പക്ഷം ആളുകളെ ജയിലിലടക്കുകയാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ 17 പ്രകാരം വിലക്കപ്പെട്ട അയിത്താചരണവും തൊട്ടുകൂടായ്മയുമാണ് സര്‍ക്കാര്‍ ഉത്തരവുകളിലൂടെ സമൂഹത്തിലേക്ക് തിരിച്ചുവരുന്നതെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. ഇത്തരം വൈകല്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ഹരജിക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എല്‍.ജെ.പി, ജെ.ഡി.യു,ആര്‍.എല്‍.ഡി അടക്കമുള്ള ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ രംഗത്തെത്തിയിരുന്നു. യു.പിയില്‍പൊലീസ് ഏര്‍പ്പെടുത്തിയ ഈ വിലക്കുകള്‍ പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നിവയുടെ ലംഘനമാണെന്നും ഉത്തരവ് പുനഃപരിശോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നുമായിരുന്നു ജെ.ഡി.യു പ്രതികരിച്ചത്.

രാഷ്ട്രീയത്തില്‍ മതവും ജാതിയും കൂട്ടികലര്‍ത്തുന്നത് ശരിയല്ലെന്നായിരുന്നു ആര്‍.എല്‍.ഡി ദേശീയ ജനറല്‍ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നായിരുന്നു എല്‍.ജെ.പി എം.പി ചിരാഗ് പസ്വാന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ ഉള്ളി കണ്ടെന്നാരോപിച്ച് കന്‍വാര്‍ തീര്‍ത്ഥാടകര്‍ യു.പിയില്‍ ഹോട്ടല്‍ തല്ലിതകര്‍ത്തിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലായിരുന്നു സംഭവം. മുസാഫര്‍നഗര്‍ ജില്ലയിലെ സിസൗന ബ്ലോക്കില്‍ ദല്‍ഹി-ഹരിദ്വാര്‍ ഹൈവേയിലെ ‘തൗ ഹുക്കേവാല ഹരിയാന്‍വി ടൂറിസ്റ്റ് ധാബ’ യാണ് തീര്‍ത്ഥാടകര്‍ തകര്‍ത്തത്.

Content Highlight: Professor Apurvanand and columnist Akar Patel in the Supreme Court against UP and Uttarakhand governments’ order asking shopkeepers to display their names

We use cookies to give you the best possible experience. Learn more