Entertainment
ആ മൂന്ന് പേരുടെ മരണം മുരളിയെ മാനസികമായി തളര്‍ത്തി, അയാള്‍ പിന്നീട് ഡിപ്രഷനിലേക്ക് വരെയെത്തി: പ്രൊഫസര്‍ അലിയാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 07, 12:22 pm
Friday, 7th February 2025, 5:52 pm

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊന്നാണ് പ്രൊഫസര്‍ അലിയാര്‍. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ അലിയാര്‍ 1979 മുതല്‍ അലിയാര്‍ മലയാളസിനിമയുടെ ഭാഗമാണ്. 100ലധികം ചിത്രങ്ങളിലും ഒട്ടനവധി സീരിയലുകളിലും അലിയാര്‍ ശബ്ദം നല്‍കിയിട്ടുണ്ട്. മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മുരളിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അലിയാര്‍.

തന്റെ കരിയറില്‍ ഏറ്റവും വലിയ ഇംപാക്ടുണ്ടാക്കിയ ചിത്രമാണ് മീനമാസത്തിലെ സൂര്യനെന്ന് അലിയാര്‍ പറഞ്ഞു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് തന്നെ ശുപാര്‍ശ ചെയ്തത് മുരളിയായിരുന്നെന്ന് അലിയാര്‍ കൂട്ടിച്ചേര്‍ത്തു. ആ ചിത്രത്തില്‍ കക്ക രവിക്ക് ശബ്ദം നല്‍കിയത് താനായിരുന്നെന്ന് അലിയാര്‍ പറഞ്ഞു.

ആ ചിത്രത്തോടെ താന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടെന്നും പിന്നീട് ഒരുപാട് അവസരങ്ങള്‍ തനിക്ക് ലഭിച്ചെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു. മുരളിയുടെ അവസാന കാലത്തില്‍ അയാള്‍ വളരെയധികം നിരാശനായിരുന്നെന്നും മൂന്ന് പേരുടെ മരണം അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും അലിയാര്‍ പറഞ്ഞു. അതില്‍ ആദ്യത്തേത് നരേന്ദ്രപ്രസാദിന്റേതായിരുന്നെന്നും 2003ലായിരുന്നു അതെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നിന്ന് മാവേലിക്കര വരെ നരേന്ദ്രപ്രസാദിന്റെ മൃതദേഹത്തോടൊപ്പം മുരളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അന്ന് അയാള്‍ തന്നെ ഒരുപാട് തവണ വിളിച്ചെന്നും അലിയാര്‍ പറഞ്ഞു. പിന്നീട് കടമ്മനിട്ട, ലോഹിതദാസ് എന്നിവരുടെ മരണം കൂടിയായപ്പോള്‍ മുരളി മാനസികമായി തളര്‍ന്നെന്നും പിന്നീട് എന്തിനാണ് ജീവിക്കുന്നതെന്ന് അയാള്‍ ചിന്തിച്ചെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു. അവസാനസമയത്ത് അയാള്‍ ഡിപ്രഷനിലേക്ക് പോയെന്നും അലിയാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു പ്രൊഫസര്‍ അലിയാര്‍.

‘ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ബ്രേക്ക് തന്ന സിനിമയായിരുന്നു മീനമാസത്തിലെ സൂര്യന്‍. അതിലേക്ക് എന്നെ റെക്കമെന്‍ഡ് ചെയ്തത് മുരളിയായിരുന്നു. കക്ക രവിക്ക് ശബ്ദം നല്‍കിയത് ഞാനായിരുന്നു. ആ സിനിമക്ക് ശേഷമാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒരുപാട് അവസരങ്ങള്‍ എന്നെ തേടിയെത്തി. അതുകൊണ്ട് മുരളിക്ക് എന്റെ കരിയറില്‍ വലിയൊരു സ്ഥാനമുണ്ട്.

പക്ഷേ, അയാളുടെ അവസാനകാലത്ത് മുരളി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. മൂന്ന് പേരുടെ മരണമാണ് അതിന് കാരണം. അതില്‍ ആദ്യത്തേത് നരേന്ദ്രപ്രസാദിന്റെയാണ്. 2003ലാണ് നരേന്ദ്രപ്രസാദിന്റെ മരണം സംഭവിച്ചത്. അന്ന് കോഴിക്കോട് നിന്ന് നരേന്ദ്രപ്രസാദിന്റെ ബോഡിയുമായി മാവേലിക്കര വരെ പോയത് മുരളിയായിരുന്നു. അദ്ദേഹത്തിന്റെ ചിത കത്തിത്തീരുന്നത് വരെ മുരളി അവിടെ നിന്നു. അന്ന് എന്നെ ഒരുപാട് തവണ വിളിച്ചു.

പിന്നീട് കടമ്മനിട്ടയുടെയും ലോഹിതദാസിന്റെയും മരണം കൂടിയായപ്പോള്‍ മാനസികമായി അയാള്‍ തളര്‍ന്നു. ‘എന്തിനാണ് ഇനി ജീവിക്കുന്നത്’ എന്ന ചിന്തയിലായിരുന്നു പിന്നീടുള്ള കാലം മുരളി മുന്നോട്ടുപോയത്. മൊത്തത്തില്‍ തകര്‍ന്ന് ഡിപ്രഷനിലേക്ക് എത്തിയ അവസ്ഥ വരെയായി,’ പ്രൊഫസര്‍ അലിയാര്‍ പറഞ്ഞു.

Content Highlight: Professor Aliyaar saying Murali was in depression on his last days