ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുന്നതിനെയും പാര്‍ലമെന്റില്‍ വിവിധ ബില്ലുകളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി ഭരണഘടന പ്രകാരം എത്രയും വേഗം അധ്യക്ഷപദവിയിലേക്ക് ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കഴിഞ്ഞദിവസം സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി യോഗം പാസാക്കി.
കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്‍ ശശി തരൂരാണ്. മാത്യു കുഴല്‍നാടനാണ് കേരളാ ഘടകം പ്രസിഡന്റ്. ആദ്യമായാണ് അധ്യക്ഷപദവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രംഗത്തുവരുന്നത്.
സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തിക്കാത്ത സമിതിയായി മാറിയ പ്രവര്‍ത്തക സമിതി പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യു.എ.പി.എ ബില്ലില്‍ രാജ്യസഭയില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് നടപടി അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. മടിയില്‍ കനമുള്ള നേതാക്കള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമാണെന്നും പ്രമേയം അവതരിപ്പിച്ച കുഴല്‍നാടന്‍ ആരോപിച്ചു.