കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ പരാമർശിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. ഇവർ വിദ്യാർത്ഥികൾ, അധ്യാപകർ, രജിസ്ട്രാർ തുടങ്ങിയവർക്ക് അയച്ച ഇമെയിൽ സന്ദേശമാണ് വിവാദത്തിനു കാരണം.
സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമത്തിൽ തെറി വിളിക്കുന്നത് നോക്കി നിന്ന എൻ.ഐ.ടി യിലെ വിദ്യാർത്ഥികളുടെ കൈയ്യും കാലും വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം എന്ന സന്ദേശം ഫോർവേഡ് ചെയ്തുള്ള ഇമെയിലിനെതിരെയാണ് പരാതി. അജിൻ എന്ന പൂർവ വിദ്യാർത്ഥിയുടേതാണ് സന്ദേശം.
ഷൈജ ആണ്ടവന്റെ ക്ലാസുകളെ പുകഴ്ത്തുന്ന പൂർവ വിദ്യാർത്ഥിയുടെ സന്ദേശത്തിൽ അവർ ക്ലാസിൽ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സ്വകാര്യ ജീവിതത്തിൽ അവരുടെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയുന്നു. തനിക്ക് പിന്തുണ അർപ്പിച്ചുള്ള സന്ദേശത്തിന് പൂർവ വിദ്യാർത്ഥിക്കുള്ള പ്രഫസറുടെ മറുപടിയും ഇ-മെയിലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തന്റെ ജോലി പൂർണ ഉത്തരവാദിത്തത്തോടെയും രാഷ്ട്രീയ വേർതിരിവില്ലാതെയും നിർവഹിക്കുമെന്ന് തുടങ്ങുന്ന മറുപടിയിൽ, അധ്യാപകരെ അനാദരിക്കുകയും ഭീഷണിപ്പെടുത്തുകയും രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുകയും ചെയ്ത സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്.
സംഘ പരിവാർ ആശയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന അധ്യാപകർക്കും സ്ഥാപന മേധാവികൾക്കുമെതിരെ പ്രതികരിക്കുന്ന എൻ.ഐ.ടി വിദ്യാർത്ഥികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് സന്ദേശമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. വ്യാപകമായ പ്രതിഷേധമാണ് അധ്യാപികക്കെതിരെ ഉയരുന്നത്.
Content Highlight: Prof. Shaija Andawan is in controversy again