| Thursday, 25th August 2022, 8:11 am

'സാമുദായിക വികാരങ്ങളെ ദുഷിപ്പിക്കാന്‍ ആദ്യം മുസ്‌ലിം മൗലിക വാദികളോടൊപ്പം നിന്നു, ഇപ്പോള്‍ ഹിന്ദുത്വ ശക്തികളോടൊപ്പം നിലകൊള്ളുന്നു'; പ്രൊഫ. സയ്യിദ് അലി റെസ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി അലിഗഡ് സര്‍വകലാശാല ചരിത്ര അധ്യാപകനായ പ്രൊഫസര്‍ സയ്യിദ് അലി നദീം റെസ്‌വി. പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ട എന്ന് വിളിച്ച ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു റെസ്‌വിയുടെ പരാമര്‍ശം. മുന്‍പ് ആരിഫ് മുഹമ്മദ് ഖാന്‍ മുസ്‌ലിം മൗലിക വാദികളോടൊപ്പം ചേര്‍ന്ന് സാമുദായിക വികാരങ്ങളെ ദുഷിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇദ്ദേഹം ഹിന്ദുത്വ ശക്തികളോടൊപ്പമാണ് നിലകൊള്ളുന്നതെന്നും റെസ്‌വി പറഞ്ഞു. യൂണിവേഴ്‌സിറ്റി പഠനകാലത്തും ഗവര്‍ണര്‍ ആകെ വെച്ചുപുലര്‍ത്തിയിരുന്നത് ഇടതുപക്ഷ വിരുദ്ധതയാണ്. ഇപ്പോള്‍ ഹിന്ദുത്വയുമായി കണ്ണി ചേര്‍ന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ഇടത് വിരോധം വീണ്ടും മൂര്‍ധന്യത്തിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസം ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇര്‍ഫാന്‍ ഹബീബ് ഗുണ്ട എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം ചെയ്തത് തെരുവുഗുണ്ടയുടെ പണിയാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വളരെ അറിയപ്പെടുന്ന പണ്ഡിതരും അക്കാദമീഷ്യന്മാരുമായ പ്രൊഫ. റെയ്സ് അഹമ്മദിനെയും പ്രൊഫ നൂറുല്‍ ഹസനെയും നോട്ടമിട്ടു പ്രവര്‍ത്തന മേഖല തുടങ്ങിവെച്ച, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ‘ന്യൂനപക്ഷ സ്വഭാവം’ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയ, ഇന്ദിര ഗാന്ധിയുടെ മന്ത്രി സഭയില്‍ അംഗമായിരിക്കെ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ സ്വഭാവം നീക്കം ചെയ്യാന്‍ ഇടയാക്കിയെന്നാരോപിച്ചു കൊണ്ട് പ്രൊഫ. നൂറുല്‍ ഹസനെ മര്‍ദിക്കാന്‍ ശ്രമിച്ച ആ വ്യക്തി ഇപ്പോള്‍ വീണ്ടും മുതിര്‍ന്ന അക്കാദമീഷ്യന്‍സിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു.

മുന്‍പ് മുസ്‌ലിം മൗലിക വാദികളോടൊപ്പം ചേര്‍ന്ന് സാമുദായിക വികാരങ്ങളെ ദുഷിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇദ്ദേഹം ഹിന്ദുത്വ ശക്തികളോടൊപ്പമാണ് നിലകൊള്ളുന്നത്. ഇതിനു രണ്ടിനുമിടയില്‍ ഇദ്ദേഹം ആദ്യം BKUവില്‍ ചേരുകയും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തുകയും അതുവഴി രാജീവ് ഗാന്ധിയുടെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തു. പക്ഷെ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഇദ്ദേഹം രാജീവ് ഗാന്ധിയെ കയ്യൊഴിയുകയും, ക്രമേണ രാജ്യത്തു രൂപപ്പെട്ടു വരുകയായിരുന്ന അന്തരീക്ഷത്തോട് ഒപ്പം ചേര്‍ന്ന് ഹിന്ദുത്വ പ്രത്യശാസ്ത്രത്തില്‍ ആകൃഷ്ടനായി തീരുകയും ചെയ്തു.

ഇദ്ദേഹം സര്‍ സയ്യദ് എന്ന ആശയത്തിനും അദ്ദേഹം നിര്‍മിച്ച സ്ഥാപനത്തിനും എതിരായി നിലകൊണ്ടു.

ഒരു കാര്യത്തില്‍ പക്ഷെ ഇദ്ദേഹം സ്ഥിരത പുലര്‍ത്തി. അത് ഇടതുപക്ഷത്തോടുള്ള വെറുപ്പ് എന്നതാണ്. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്ത് ഇദ്ദേഹം ഇടതുപക്ഷത്തെ എതിര്‍ക്കുകയും അവരെ മുസ്‌ലിം വിരുദ്ധര്‍ എന്ന് മുദ്ര കുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹിന്ദുത്വയുമായി കണ്ണി ചേര്‍ന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ഇടത് വിരോധം വീണ്ടും മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു.

2019 ഡിസംബറില്‍ കണ്ണൂരില്‍ വെച്ച് CAA യ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ഇദ്ദേഹം അധിക്ഷേപങ്ങള്‍ ചൊരിയുകയും മൗലാന അബ്ദുല്‍ കലാം ആസാദിനെകുറിച്ചു വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു.

പ്രസംഗ വേദിയില്‍ ഉന്നത അധികാരസ്ഥാനത്ത് ഇരിക്കുന്നയാള്‍ എന്ന നിലയില്‍ ലഭ്യമായ സുരക്ഷാ വലയത്തില്‍ നിന്നുകൊണ്ട്, ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജിന്നയുടെ പിന്തുണക്കാരും പാകിസ്ഥാന്‍ രൂപീകരണത്തിന് കാരണക്കാരുമായ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയെ പറ്റി പറഞ്ഞത് ‘ ഇപ്പോഴും ഗൂഢാലോചനയുടെ നാറ്റം വന്നുകൊണ്ടിരിക്കുന്നത് അലിഗറില്‍ നിന്നാണ്’ എന്നാണ്. അതോടൊപ്പം ‘ ഈ പാകിസ്ഥാന്‍ സൃഷ്ടാക്കള്‍ വടക്കേ ഇന്ത്യയില്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ നിഷ്‌കളങ്കരായ തെക്കേ ഇന്ത്യക്കാര്‍ക്ക് മനസിലാവില്ല’ എന്നും ‘ഇതേ മുസ്‌ലിം മതമൗലിക വാദികളാണ് കമ്യൂണിസ്റ്റ് സഹായത്തോടെ CAAയെ എതിര്‍ത്തു കൊണ്ടിരിക്കുന്നത്’ എന്നും ഇദ്ദേഹം പറയുകയുണ്ടായി.

ഇവയെല്ലാം പരസ്യ പ്രസ്താവനകളാണ്. ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടായപ്പോഴാണ് ഇദ്ദേഹത്തെ നിയന്ത്രിക്കാനായി ഇര്‍ഫാന്‍ ഹബീബിന് ഇടപെടേണ്ടി വന്നത്. IHC എന്നത് CAA യുമായോ സമകാലിക രാഷ്ട്രീയവുമായോ ബന്ധമുള്ള സംഗതിയല്ല. അത് പ്രൊഫഷണല്‍ ചരിത്രകാരന്മാരുടെ വേദിയാണ്. മാത്രമല്ല ഇദ്ദേഹത്തിന്റെ ശകാര വര്‍ഷത്തിന് മുന്‍പ് ആരും ഈ വിഷയം എടുത്തിടുക പോലുമുണ്ടായില്ല. ഇദ്ദേഹത്തിന് ശേഷം ഈ വിഷയം ആരും ചര്‍ച്ച ചെയ്തിട്ടുമില്ല.

ഇദ്ദേഹത്തിന്റെ വെറുപ്പ് നിറഞ്ഞ രാഷ്ട്രീയത്തിനായി IHC യുടെ വേദി ഉപയോഗിക്കരുതെന്ന് ഇര്‍ഫാന്‍ ഹബീബും അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ഉറച്ചു പറഞ്ഞു. എങ്ങനെയായാലും ആ ‘സംഭവം’ പൂര്‍ണ്ണമായും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന ഗവര്‍ണറുടെ അവകാശം ശരിയാണ്. മാത്രമല്ല കൃത്രിമം നടന്നിട്ടില്ലായെങ്കില്‍ അതിപ്പോഴും ഉണ്ടാവുകയും ചെയ്യും. അവിടെ കൂടിയിരുന്ന പ്രൊഫഷണല്‍ ചരിത്രകാരന്മാരുടെ പ്രതിഷേധവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ ഇദ്ദേഹം നൂറൂള്‍ ഹസന്റെ നേരെ കല്ലെറിഞ്ഞു. ഇപ്പോള്‍ തന്റെ സാധ്യതകള്‍ക്ക് തടസമുണ്ടാകുന്നു എന്ന് കാണുമ്പോള്‍ ഇദ്ദേഹം വീണ്ടും ബഹുമാന്യ ചരിത്രകാരന്മാരുടെ നേരെ വാക്കുകള്‍ കൊണ്ട് കല്ലെറിയുകയാണ്.

2019ല്‍ ഇത് സംഭവിച്ചപ്പോള്‍ പ്രതിഫലം ഒന്നും കിട്ടിയില്ലെങ്കിലും തന്റെ സേവനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ പാകമായ സമയമായെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു.

Content Highlight: Prof.  Sayed Rezavi against kerala governor arif mohammad khan

Latest Stories

We use cookies to give you the best possible experience. Learn more