|

'ആര്‍.എസ്.എസ് സാംസ്‌കാരിക സംഘടന; രാജ്യത്ത് ബ്രാഹ്മണിക് ഹിന്ദൂയിസം ഇല്ലാതാകുന്നു; ജാതി വ്യവസ്ഥ മനസിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.എസ് സാംസ്‌കാരിക സംഘടനയാണെന്നും രാജ്യത്ത് ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും പ്രൊഫ. എം. കുഞ്ഞാമന്‍. ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസം ഇല്ലാതാക്കിയതില്‍ നരേന്ദ്ര മോദിയോട് കടപ്പാടുണ്ടെന്നും ഇന്ന് രാജ്യത്തെ എല്ലാ സമുദായങ്ങള്‍ക്കും അധികാരത്തില്‍ കൃത്യമായ പങ്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ, എക്‌സ്പ്രസ് ഡയലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജാതി വ്യവസ്ഥതയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസിന്റെ അവസ്ഥയും സമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇന്ത്യയില്‍ ബ്രാഹ്മണിക് ഹിന്ദൂയിസം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി മോദിയോടാണ്. ആര്‍.എസ്.എസിനെക്കുറിച്ചോ അതിന്റെ ഘടനയെക്കുറിച്ചോ ഞാന്‍ പഠിച്ചിട്ടില്ല. അതൊരു സാംസ്‌കാരിക സംഘടനയാണ്. മുസ്‌ലിങ്ങളുടെയും ദളിതരുടെയും ഇടയില്‍ അത്തരം സാംസ്‌കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജാതി വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു. അംബേദ്കര്‍ ഭൂവിതരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ ഭൂപരിഷ്‌കരണത്തെക്കുറിച്ചാണ് പറഞ്ഞത്. ഇ.എം.എസിന് അത് മനസിലാകാത്തത് കൊണ്ടല്ല, ക്ലാസ് എന്ന സങ്കല്‍പ്പത്തിനപ്പുറം പോകാന്‍ അദ്ദേഹത്തിനും കഴിയാതെപോയി,’ കുഞ്ഞാമന്‍ പറഞ്ഞു.

ദളിത് വിഷയത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോണ്‍ഗ്രസിനുമുള്ളതെന്നും അംബേദ്കറെപ്പോലൊരു വ്യക്തിയെ സഹിക്കാന്‍ അവര്‍ക്കായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കമ്മ്യൂണിസ്റ്റുകാരെപ്പോലെ തന്നെയാണ് കോണ്‍ഗ്രസിന്റെയും ദളിതരോടുള്ള സമീപനം. അംബേദ്കറെ പോലൊരു വ്യക്തിയെ സഹിക്കാന്‍ അവര്‍ക്കായില്ല. ഇക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെതിരെയാണ് കോണ്‍ഗ്രസ് വോട്ട് ചെയ്തത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായത് കൊണ്ടല്ല മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് എതിര്‍ത്തത്. അവര്‍ വോട്ട് ചെയ്തയാള്‍ മുന്‍പ് ബി.ജെ.പിയുടെ തന്നെ മന്ത്രിയായിരുന്നു.

ഇതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ച്ചയില്ലായ്മയാണ് കാണാനായാത്. പണ്ടൊക്കെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷരായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. രാഹുല്‍ ഗാന്ധി മതേതരനാണ്. അദ്ദേഹത്തിന് അഖിലേന്ത്യാ കാഴ്ച്ചപ്പാടുണ്ട്. പക്ഷെ ദേശീയ വീക്ഷണമുള്ള നേതാക്കളുടെ അഭാവമാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ ദൗര്‍ബല്യം,’ പ്രൊഫ. എം. കുഞ്ഞാമന്‍ പറഞ്ഞു.

Content Highlight: prof m kunjaman latest interview about rss