| Tuesday, 6th April 2021, 3:57 pm

പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും മാധ്യമം മുന്‍ ചെയര്‍മാനും ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് പ്രഥമ സെക്രട്ടറിയുമായിരുന്ന പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന്‍ (76) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെയായിരുന്നു അന്ത്യം.

വൈകുന്നേരം നാല് മണിമുതല്‍ 10.30 വരെ വെള്ളിമാടുകുന്ന് പ്രബോധനത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി.

ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.

ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍കോട് ഗവണ്‍മെന്റ് കോളജുകള്‍ എന്നിവിടങ്ങളില്‍ അറബി അധ്യാപകനായിരുന്നു.

പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദില്ലി കേന്ദ്രമായ ഹ്യൂമന്‍ ഡെവലപ്‌മെന്റ ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടറായിരുന്നു.

പ്രവാചക കഥകള്‍, ഇസ്‌ലാം ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ എന്നിവ വിവര്‍ത്തന കൃതികളാണ്. മുസ്‌ലിം സമുദായക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഇസ്‌ലാം ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ 2010 ലെ ഇസ്‌ലാമിക് ഓണ്‍ലൈന്‍ സ്റ്റാര്‍ അവാര്‍ഡ്, 2015ലെ ഇമാം ഹദ്ദാദ് എക്സലന്‍സ് അവാര്‍ഡ്, ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ജനിച്ചു. ഭാര്യ: വി.കെ. സുബൈദ. മക്കള്‍: ഫസലുര്‍റഹ്മാന്‍, സാബിറ, ശറഫുദ്ദീന്‍, അനീസുര്‍റഹ്മാന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more