|

മാവോയിസ്റ്റ് ബന്ധമെന്ന് ആരോപണം; ജയില്‍ മോചിതനായി ജി.എന്‍. സായിബാബ, മോചനം 10 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപ്പിക്കപ്പെട്ട് അറസ്റ്റിലായ മുന്‍ അധ്യാപകന്‍ പ്രൊഫ. ജി.എന്‍. സായിബാബ ജയില്‍ മോചിതനായി. 10 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സായിബാവ മോചിതനാവുന്നത്.

ശരീരം തളര്‍ന്ന ജി.എന്‍. സായിബാബയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നത് ഉള്‍പ്പെടെ കേസില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന് പ്രൊഫസറുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. വിചാരണയ്ക്കിടയില്‍ പ്രതികളില്‍ ഒരാള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജി.എന്‍. സായിബാബ ഉള്‍പ്പെടെ അഞ്ച് പേരെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 2022ല്‍ ഇവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കോടതി നല്‍കിയ ഹരജിയിലാണ് പ്രതികളെ വെറുതെ വിടാന്‍ ഹൈക്കോടതി വിധിച്ചത്.

റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരില്‍ 2014ലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം.

യു.എ.പി.എ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയായിരുന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് 2017ല്‍ പ്രത്യേക വിചാരണ കോടതി ഇവര്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിച്ചിരുന്നു.

തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ അപ്പീല്‍ പോവുകയായിരുന്നു. പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍, കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Content Highlight: Prof. G.N. Saibaba was released from jail