| Friday, 19th November 2021, 6:55 pm

ഭരണകക്ഷി സ്വന്തം സുരക്ഷയ്ക്കും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യത്തെ കര്‍ഷരെ കയ്യൊഴിഞ്ഞു; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതിരെ പ്രൊഫ. സി. രവിചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതിരെ യുക്തിവാദി എസ്സെന്‍സ് നേതാവ് പ്രൊഫ. സി. രവിചന്ദ്രന്‍. ഭരണകക്ഷി സ്വന്തം സുരക്ഷയ്ക്കും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യത്തെ കര്‍ഷരെയും കാര്‍ഷികരംഗത്തെയും കയ്യൊഴിയുകയാണെന്നും രാജ്യത്തെ ദശകങ്ങളോളം പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് രവിചന്ദ്രന്‍ ഇക്കാര്യത്തിലെ തന്റെ എതിര്‍പ്പ് വ്യക്തമാക്കുന്നത്.

രാജ്യത്തെ ദശകങ്ങളോളം പിന്നോട്ടടിക്കുന്ന നീക്കമായിട്ടാണ് രവിചന്ദ്രന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ വിലയിരുത്തുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി അപമാനിക്കപ്പെട്ടുവെന്നും വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

‘സമ്പത്തും സ്വാധീനവും അക്രമം നടത്താനുള്ള പ്രഹരശേഷിയുമാണ് ഇവിടെയും വിജയം കണ്ടിരിക്കുന്നതെന്ന് സാരം. ചെറിയൊരു ന്യൂനപക്ഷം കര്‍ഷര്‍ എന്നൊക്കെ സമരത്തെ വിമര്‍ശിച്ചവര്‍തന്നെ ന്യൂനപക്ഷത്തിന് കീഴടങ്ങിയിരിക്കുന്നു.

സമരത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപെട്ടു എന്ന നാണക്കേട് ഒഴിച്ചാല്‍ ഭരണകക്ഷിക്ക് ഇതിലൂടെ നഷ്ടപെടാന്‍ കാര്യമായൊന്നുമില്ല. പിടിച്ചു നിന്ന ശേഷം കീഴടങ്ങി എന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ഇനിയുള്ള ശ്രമം. ഇക്കാര്യത്തില്‍ ഭരണകക്ഷിയുടെ ആത്മാര്‍ത്ഥതയും കര്‍ഷകരോടുള്ള പ്രതിബദ്ധതയും ചോദ്യംചെയ്യപെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല,’ ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

സുപ്രീം കോടതി നിയമം മരവിപ്പിച്ച സാഹചര്യത്തിലും തെരുവില്‍ സമരം നീണ്ടുവെന്നും വഴിതടയലും അക്രമവും വര്‍ദ്ധിച്ചു, കൊലപാതകങ്ങള്‍ അരങ്ങേറി, സമരരംഗത്ത് മതക്കോടതികളും ശിക്ഷാവിധികളും വരെ പ്രത്യക്ഷപെട്ടുവെന്നും അദ്ദേഹം പറയുന്നു.

‘ഇവിടെ നഷ്ടം രാജ്യത്തിനും കര്‍ഷകര്‍ക്കുമാണ്, സമ്പദ് വ്യവസ്ഥയ്ക്കാണ്. ഇന്നത്തെ പ്രതിപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവരുമെന്ന് വാഗ്ദാനംചെയ്ത നിയമങ്ങള്‍ക്കെതിരെ അവര്‍തന്നെ രംഗത്തുവന്നതും ഇക്കാര്യത്തില്‍ തുടര്‍ച്ച വാഗ്ദാനം ചെയ്തു നിയമം പാസ്സാക്കിയ ഭരണകക്ഷി കീഴടങ്ങിയതും ഇന്ത്യന്‍ കാര്‍ഷികരംഗത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ കാര്യമാണ്. കാര്‍ഷികരംഗത്ത് സമാനമായ ഒരു പരിഷ്‌കരണത്തിന് അടുത്തെങ്ങും ഏതെങ്കിലും സര്‍ക്കാരുകളോ കക്ഷികളോ മുന്‍കൈ എടുക്കുമെന്ന് കരുതാനാവില്ല.

1991ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ പഴയ നില തിരിച്ചുകൊണ്ടുവരുന്നു എന്നാണ് അര്‍ത്ഥം,’ അദ്ദേഹം പറയുന്നു.

വെള്ളിയാഴ്ചയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് മോദി പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് സെഷനുകളില്‍ നിയമം പിന്‍വലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടികള്‍ ആരംഭിക്കുമെന്നും മോദി അറിയിച്ചു.

താങ്ങുവില അടക്കം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ സമരത്തിലാണ്.

2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നത്.

സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.

രവിചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കയ്യൊഴിയപെടുന്ന കര്‍ഷകര്‍

(1) കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍(https://www.youtube.com/watch?v=0c-rgIJWPJU) ഭരണകക്ഷി സ്വന്തം സുരക്ഷയ്ക്കും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യത്തെ കര്‍ഷരെയും കാര്‍ഷികരംഗത്തെയും കയ്യൊഴിയുകയാണ്. രാജ്യത്തെ ദശകങ്ങളോളം പിന്നോട്ടടിക്കുന്ന തീരുമാനമാണിത്. ഇന്ത്യന്‍ കാര്‍ഷികരംഗവുമായി ബന്ധപെട്ട് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഉന്നയിക്കപെടുന്ന അനിവാര്യമായ മാറ്റങ്ങളാണ് മത-രാഷ്ട്രീയ സമ്മര്‍ദ്ദവും അക്രമസമരവും കാരണം ഉപേക്ഷിക്കപെട്ടിരിക്കുന്നത്. Farmers of the country are disowned and cheated once again.

(2) കാല്‍നൂറ്റാണ്ടിലെ കൂടിയാലോചനകളുടെയും വിദഗ്ധ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞതാണ് ഈ നിയമങ്ങള്‍. ഇന്ത്യന്‍ കാര്‍ഷികരംഗത്തെ പുരോഗമാനാത്മകവും തുറന്നതും ആക്കാന്‍ ലക്ഷ്യമിട്ട നിയമങ്ങള്‍. ധനികകര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും രാഷ്ട്രീയ യജമാനന്‍മാര്‍ക്കും മതമേലാളന്‍മാര്‍ക്കും അത് സ്വീകാര്യമാകാതെ പോയതില്‍ അത്ഭുതമില്ല. സ്വന്തം ചൂഷണസാധ്യതകള്‍ അടയുന്നത് ആര്‍ക്കാണ് ഇഷ്ടപെടുക!

(3) സമ്പത്തും സ്വാധീനവും അക്രമം നടത്താനുള്ള പ്രഹരശേഷിയുമാണ് ഇവിടെയും വിജയം കണ്ടിരിക്കുന്നതെന്ന് സാരം. ചെറിയൊരു ന്യൂനപക്ഷം കര്‍ഷര്‍ എന്നൊക്കെ സമരത്തെ വിമര്‍ശിച്ചവര്‍തന്നെ ന്യൂനപക്ഷത്തിന് കീഴടങ്ങിയിരിക്കുന്നു. സമരത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപെട്ടു എന്ന നാണക്കേട് ഒഴിച്ചാല്‍ ഭരണകക്ഷിക്ക് ഇതിലൂടെ നഷ്ടപെടാന്‍ കാര്യമായൊന്നുമില്ല. പിടിച്ചു നിന്ന ശേഷം കീഴടങ്ങി എന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ഇനിയുള്ള ശ്രമം. ഇക്കാര്യത്തില്‍ ഭരണകക്ഷിയുടെ ആത്മാര്‍ത്ഥതയും കര്‍ഷകരോടുള്ള പ്രതിബദ്ധതയും ചോദ്യംചെയ്യപെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

(4) മൂന്ന് കാര്‍ഷികനിയമങ്ങളും ഫലത്തില്‍ കോടതി മരവിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ മരവിപ്പിക്കാം എന്നൊരു നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍തന്നെ മുന്നോട്ടുവെച്ചിരുന്നു. Slow poisoning ആണ് അന്ന് ലക്ഷ്യമിട്ടത്. പക്ഷെ സമരം നീണ്ടു, വഴിതടയലും അക്രമവും വര്‍ദ്ധിച്ചു, കൊലപാതകങ്ങള്‍ അരങ്ങേറി, സമരരംഗത്ത് മതക്കോടതികളും ശിക്ഷാവിധികളും വരെ പ്രത്യക്ഷപെട്ടു. സമരക്കാരെ തെരുവില്‍ നേരിടാന്‍ ഭരണകക്ഷി പലയിടത്തും ശ്രമിച്ചു. കര്‍ഷകരുടെ കാര്യമായതുകൊണ്ട് തന്നെ സര്‍ക്കാരും ഭരണകക്ഷിയും കയ്യൊഴിയുമെന്ന് വ്യക്തമായിരുന്നു. കാരണം അവര്‍ക്കത് കൊണ്ട് നേട്ടമില്ലെന്ന് മാത്രമല്ല വോട്ട് ബാങ്കിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വിശേഷിച്ചും തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍.

(5) ഇവിടെ നഷ്ടം രാജ്യത്തിനും കര്‍ഷകര്‍ക്കുമാണ്, സമ്പദ് വ്യവസ്ഥയ്ക്കാണ്. ഇന്നത്തെ പ്രതിപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവരുമെന്ന് വാഗ്ദാനംചെയ്ത നിയമങ്ങള്‍ക്കെതിരെ അവര്‍തന്നെ രംഗത്തുവന്നതും ഇക്കാര്യത്തില്‍ തുടര്‍ച്ച വാഗ്ദാനം ചെയ്തു നിയമം പാസ്സാക്കിയ ഭരണകക്ഷി കീഴടങ്ങിയതും ഇന്ത്യന്‍ കാര്‍ഷികരംഗത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ കാര്യമാണ്. കാര്‍ഷികരംഗത്ത് സമാനമായ ഒരു പരിഷ്‌കരണത്തിന് അടുത്തെങ്ങും ഏതെങ്കിലും സര്‍ക്കാരുകളോ കക്ഷികളോ മുന്‍കൈ എടുക്കുമെന്ന് കരുതാനാവില്ല. 1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ പഴയ നില തിരിച്ചുകൊണ്ടുവരുന്നു എന്നാണ് അര്‍ത്ഥം.

(6) സമാനമായ ഒരു പരിഷ്‌കരണം ഭാവിയില്‍ ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക് സാധ്യമാകുമോ എന്ന് സംശയമാണ്. വേണ്ടത്ര ചര്‍ച്ച നടത്തിയില്ല-അടിച്ചേല്‍പ്പിച്ചു തുടങ്ങിയ വഴിപാട് ആരോപണങ്ങളൊക്കെ ഭരണകക്ഷിക്ക് എതിരെ ഉന്നയിക്കാമെങ്കിലും ആനകളെ തെളിച്ചുകൊണ്ട് ഇനി മറ്റാരും ഈ വഴിവരാനിടയില്ല എന്നതാണ് ആശങ്കയുളവാക്കുന്ന കാര്യം. ചുരുക്കത്തില്‍ ഇന്ത്യന്‍ കാര്‍ഷികരംഗം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എങ്ങനെയായിരുന്നുവോ ഏറെക്കുറെ അതുപോലെ തുടരും. അക്രമസമരം വഴി കാര്യം നേടിയെടുക്കാം എന്ന അവസ്ഥ ശക്തിപെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലപെടുത്തും. ഇപ്പോഴത്തെ ഭരണകക്ഷി പ്രതിപക്ഷത്തായാല്‍ എന്തായിരിക്കും സമരങ്ങളുടെ സ്വഭാവം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷത്തിരുന്നപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരുന്നതും മറ്റൊന്നല്ല. 1990 ലെ അയോദ്ധ്യ രഥയാത്ര മറക്കാതിരിക്കുക. വിജയ സമവാക്യങ്ങള്‍ പിന്തുടരാനാവും എല്ലാവര്‍ക്കും താല്പര്യം.

(7) കക്ഷിരാഷ്ട്രീയ-മത തിമിരം ആധാരമാക്കി എന്തിനെയും ഏതിനെയും കണ്ണുമടച്ച് എതിര്‍ക്കുക (oppositionism) എന്ന ആചാരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപെടുകയാണ്. അയോദ്ധ്യ-രാമജന്മഭൂമി വിഷയത്തില്‍, അല്ലെങ്കില്‍ പശുവിഷയത്തില്‍, അതല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും വിഷയങ്ങളില്‍ ഇത്തരം പിന്‍വാങ്ങല്‍ ഭരണകക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമോ? ഉണ്ടാകണമെന്ന് പ്രതിപക്ഷം ശഠിക്കുമോ? തീര്‍ച്ചയായും ഇല്ല!

(ഭരണകക്ഷിയും പ്രതിപക്ഷവും ചേര്‍ന്ന് ഇന്ത്യന്‍ കര്‍ഷകരെ ഉദ്ധരിച്ചിരിക്കുന്നു, കാര്‍ഷികരംഗം പരിഷ്‌കരിച്ചിരിക്കുന്നു! ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്. ഭരണകക്ഷി കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ച് കയ്യൊഴിയുമെന്ന് കഴിഞ്ഞവര്‍ഷംതന്നെ സൂചിപ്പിച്ചതാണ്. It was easy to realize that it was easier and more useful for them. പറഞ്ഞത് ആവര്‍ത്തിക്കട്ടെ, നിയമം പിന്‍വലിക്കുന്നതിന്റെ നഷ്ടം കര്‍ഷകര്‍ക്ക് മാത്രം(https://www.youtube.com/watch?v=wOI96zqnD4Y). കാര്‍ഷികരംഗത്തെ പരിഷ്‌കാരങ്ങളോട് ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ സമീപനം വ്യക്തമാണ്: എന്തു കര്‍ഷകര്‍!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prof. C. Ravichandran against withdrawal of farm laws

 

We use cookies to give you the best possible experience. Learn more