|

മുരളി കുടിച്ച മദ്യത്തിന്റെ ബില്ല് മമ്മൂട്ടി കൊടുക്കുമ്പോള്‍ ഞാന്‍ സാക്ഷിയാണ്, അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണം... പ്രൊഫ. അലിയാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരെങ്കിലും കുടിച്ച മദ്യത്തിന്റെ ബില്ല് താന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടേത് മാത്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഈ സംഭവത്തിന് താന്‍ സാക്ഷിയായിരുന്നു എന്ന് പറയുകയാണ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രൊഫ. അലിയാര്‍.

മമ്മൂട്ടിയുമായും മുരളിയുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന പ്രൊഫ. അലിയാര്‍, ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും രണ്ട് പേരും അക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും പറയുന്നു. കേരള വിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലിയാര്‍. അവതാരകന്റെ ചോദ്യത്തിന്റെ ഇടയിലാണ് മുരളിയുടെ മദ്യത്തിന് മമ്മൂട്ടി ബില്‍ നല്‍കിയതിന് താന്‍ സാക്ഷിയാണെന്ന് അലിയാര്‍ പറഞ്ഞത്.

‘അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണമെന്താണ് എനിക്കറിയില്ല. രണ്ട് പേരും എന്നോട് അക്കാര്യം പറഞ്ഞിട്ടില്ല. മമ്മൂട്ടി തിരുവനന്തപുരത്ത് വരുമ്പോള്‍ മുരളി സ്ഥലത്തുണ്ടെങ്കില്‍ കാണാന്‍ ആഗ്രഹിക്കും. വരികയും ദീര്‍ഘനേരം സംസാരിച്ചിരിക്കുകയും ചെയ്യും.

സിനിമകളില്‍ ഒരുമിച്ചഭിനയിക്കുകയും വലിയ അടുപ്പവും ലോഹ്യവുമൊക്കെയായിരുന്നു. ഒരു സമയത്ത് എന്തോ പറഞ്ഞ് ഒരു സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ തെറ്റി. എനിക്ക് രണ്ട് പേരുടെയും സ്വഭാവം കുറച്ചൊക്കെ അറിയുന്നത് കൊണ്ട് മുരളിയായിരിക്കാം അതിന് കാരണക്കാരന്‍ എന്ന് എനിക്ക് തോന്നുന്നു.

ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തെറ്റിദ്ധാരണ കൊണ്ട് അകല്‍ച്ച സംഭവിക്കാം. അങ്ങനെ എന്തോ ഒരു ധാരണപ്പിശക് വന്നതാണ്. പക്ഷെ, മുരളിയുടെ ഭൗതിക ശരീരം അവസാനമായി തിരുവന്തപുരത്തെ സെനറ്റ് ഹാളില്‍ വെക്കുമ്പോള്‍ മമ്മൂട്ടി എറാണാകുളത്ത് നിന്ന് വന്നു. അദ്ദേഹം വരികയും അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. അത്രയും ഇഷ്ടമായിരുന്നു.

മുരളി

മാത്രവുമല്ല, മുരളിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നാട്ടില്‍ ഞങ്ങളൊരു സ്വീകരണം സംഘടിപ്പിച്ചപ്പോഴും മമ്മൂട്ടി വന്നു, അലിയാര്‍ പറഞ്ഞു.

content highlights: Prof. Aliyar says about the rift between Mammootty and Murali