| Sunday, 25th June 2023, 6:57 pm

ഡബ്ബിങ്ങില്‍ എനിക്ക് വലിയൊരു ബ്രേക്ക് തന്നത് അദ്ദേഹമായിരുന്നു: പ്രൊഫ. അലിയാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലെനില്‍ രാജേന്ദ്രനാണ് തനിക്ക് ഡബ്ബിങ്ങില്‍ വലിയൊരു ബ്രേക്ക് തന്നതെന്ന് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രൊഫ. അലിയാര്‍. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെനിന്‍ രാജേന്ദ്രനോട് വിധേയത്വവും വലിയ കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതിതിരുനാള്‍, വചനം തുടങ്ങി അദ്ദേഹത്തിന്റെ നിരവധി സിനിമകളില്‍ താന്‍ പിന്നീട് അഭിനയിച്ചെന്നും അദ്ദേഹത്തിന്റെ നിരവധി വര്‍ക്കുകള്‍ക്ക് ഡബ്ബ് ചെയ്തതായും പ്രൊഫ. അലിയാര്‍ പറഞ്ഞു.

‘ ഡബ്ബിങ്ങില്‍ എനിക്ക് വലിയൊരു ബ്രേക്ക് തന്ന ആളായിരുന്നു ലെനിന്‍ രാജേന്ദ്രന്‍, അതുകൊണ്ട് തന്നെ എനിക്കദ്ദേഹത്തോടും വിധേയത്വവും വലിയ കടപ്പാടുമുണ്ട്. സ്വാതിതിരുനാള്‍, വചനം തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളിള്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളില്‍ പലര്‍ക്ക് വേണ്ടിയും ഡബ്ബ് ചെയ്തു.

ലെനിന്‍ രാജേന്ദ്രന്‍

അദ്ദേഹം ചെയ്ത ഡോക്യുമെന്ററികളില്‍ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. വയലാര്‍ രാമവര്‍മയെ കുറിച്ചും, കവിയൂര്‍ രേവമ്മയെ കുറിച്ചുള്ള ഡോക്യുമെന്ററികളിലും എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്തിട്ടുള്ള സ്‌റ്റേജ് ഷോകളില്‍ അവതാരകനായും ഞാന്‍ പങ്കെടുത്തു.

പക്ഷെ അദ്ദേഹത്തിന്റെ ഒരു രീതി തികച്ചും സവിശേഷമായിരുന്നു. എന്ത് വന്നാലും അനങ്ങാതെ കല്ലുപോലെ ഇരിക്കുന്ന ഒരു സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. അടുത്ത ദിവസമാണ് ഒരു സിനിമയുടെ റിലീസെങ്കിലും, സിനിമയുടെ ഫൈനല്‍ പ്രിന്റ് ആയിട്ടില്ലെങ്കിലും അദ്ദേഹം അനങ്ങാതെ ഇരിക്കും.

ഒരിക്കല്‍, കെ.ജയകുമാര്‍ ഐ.എ.എസ് സംവിധാനം ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ഒരു സിനിമയായിരുന്നു അത്. നെടുമങ്ങാടിനും കുറച്ചപ്പുറത്തായിരുന്നു ഷൂട്ടിങ്ങ്. ലെനിന്‍ രാജേന്ദ്രന്‍ അവിടേക്ക് ഒരാളെ പറഞ്ഞയച്ചു. എത്രയും പെട്ടെന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വരണമെന്ന് പറഞ്ഞു.

ഞാന്‍ നേരെ അവിടേക്ക് പോയി. അദ്ദേഹത്തിന്റെ രീതികള്‍ എനിക്കറിയാമായിരുന്നു. ഞാനെത്തിയപ്പോഴും ഒന്നും ആയിട്ടുണ്ടായിരുന്നില്ല. സ്‌ക്രിപ്‌റ്റൊക്കെ പിന്നീട് എഴുതിയുണ്ടാക്കുകയാണ് ചെയ്തത്. ഞാനുമായി ആലോചിച്ച് എഴുതിയുണ്ടാക്കിയപ്പോഴേക്കും വെളുപ്പാന്‍ കാലമായിരുന്നു.

അതേ പോലെ കവിയൂര്‍ രേവമ്മയെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. വലിയ സംഗീതജ്ഞയായിരുന്നു അവര്‍, കൊളീജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടറുമായിരുന്നു. ചില സിനിമകളില്‍ പാടുകയും ചെയ്തിരുന്നു. ഞാന്‍ തന്നെയാണ് അതിന്റെ കമന്ററി പറഞ്ഞത്,’ പ്രൊഫ. അലിയാര്‍ പറഞ്ഞു.

CONTENT HIGHLIGHTS:  Prof. Aliyar About Lenin rajendran

We use cookies to give you the best possible experience. Learn more