| Tuesday, 6th December 2022, 10:45 am

'ഗോഡ്ഫാദര്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ടാണ് കൊച്ചിയില്‍ ഞാന്‍ ഏഴ് സെന്റ് ഭൂമി വാങ്ങിയത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ എന്‍.എന്‍. പിള്ള, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, കനക, കെ.പി.എ.സി ലളിത എന്നിങ്ങനെ വലിയ താരനിര തന്നെയാണ് എത്തിയത്.

സിനിമയുടെ വിജയം തനിക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിലേക്ക് വഴി വെച്ചതിനെ പറ്റി പറയുകയാണ് പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍. വര്‍ക്ക് ചെയ്യുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാവുകയാണെങ്കില്‍ സംവിധായകര്‍ കൂടുതല്‍ പണം തരാറുണ്ടെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ബാബു പറഞ്ഞു.

‘ഗോഡ്ഫാദര്‍ എഡിറ്റിങ്ങും ഡബ്ബിങ്ങും സെന്‍സറിങ്ങുമെല്ലാം കഴിഞ്ഞു. അടുത്തത് ഫാസില്‍ സാറിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യണം. നാട്ടില്‍ എത്തിയ ഉടന്‍ തന്ന ഫാസില്‍ സാറിനെ വിളിച്ചു. സാര്‍ പടത്തിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. പടം കണ്ടിട്ട് വിളിക്കാമെന്ന് പറഞ്ഞു. എറണാകുളം സരിതയില്‍ പോയി ഫാസില്‍ സാര്‍ സിനിമ കണ്ടു. ഭയങ്കര കയ്യടിയാണ്, സിനിമ സൂപ്പര്‍ ഹിറ്റാവും എന്ന് ഫാസില്‍ സാര്‍ പറഞ്ഞു.

ഇതില്‍ വേറൊരു രസമുണ്ട്. സിനിമ ചെയ്ത് കഴിഞ്ഞ് അത് സൂപ്പര്‍ ഹിറ്റായാല്‍ സിദ്ദിഖ്-ലാലും ഫാസില്‍ സാറുമൊക്കെ വിളിച്ചിട്ട് കുറച്ചു കൂടുതല്‍ എമൗണ്ട് തരും. ചിലപ്പോള്‍ രണ്ട് ലക്ഷമൊക്കെ തരും.

അന്നത്തെ കാലത്ത് രണ്ട് ലക്ഷമെന്നൊക്കെ പറയുന്നത് വളരെ വലുതാണ്. പടം സൂപ്പര്‍ ഹിറ്റായാല്‍ ഒരു ലക്ഷമോ രണ്ട് ലക്ഷമോ ഒക്കെ കിട്ടും. ജോലി ചെയ്യുന്ന സമയത്ത് 50000 രൂപയൊക്കെയായിരിക്കും കിട്ടുന്നത്. ഇന്ന് പത്ത് ലക്ഷം വരെ കിട്ടാം. ഗോഡ്ഫാദര്‍ ഹിറ്റായത് കൊണ്ട് കിട്ടിയ രണ്ട് ലക്ഷം രൂപ കൊണ്ടാണ് അന്ന് കൊച്ചിയില്‍ ഏഴ് സെന്റ് സ്ഥലം ഞാന്‍ വാങ്ങുന്നത്,’ ബാബു ഷാഹിര്‍ പറഞ്ഞു.

ഗോഡ്ഫാദറിന്റെ ഷൂട്ടിനിടക്ക് തിലകന്‍ സംവിധായകന്‍ സിദ്ദിഖിനോട് പിണങ്ങിയ കാര്യവും ബാബു പങ്കുവെച്ചിരുന്നു. ‘രാവിലെ മുതല്‍ സെറ്റില്‍ വന്നിരുന്ന തിലകന്‍ ചേട്ടന്റെ പോര്‍ഷന്‍സ് ഉച്ച കഴിഞ്ഞ് മൂന്ന് മണിയായിട്ടും നടന്നിരുന്നില്ല. ഇവിടെ രാവിലെ മുതല്‍ വന്ന് ഇരിക്കുകയാണെന്നും അപ്പുറത്ത് സത്യന്റെ പടമുണ്ടെന്നും അത് പോയി അഭിനയിക്കാമായിരുന്നു എന്നുമൊക്കെ തിലകന്‍ ചേട്ടന്‍ സെറ്റില്‍ ആരോടൊക്കെയോ പറഞ്ഞു. ഇത് കേട്ടവര്‍ സിദ്ദിഖിനോട് ചെന്ന് പറഞ്ഞു. സിദ്ദിഖിന് അത് ഭയങ്കര വിഷമമായി. സിദ്ദിഖ് വെറുതേ ഇരിക്കുകയല്ലല്ലോ.

അത് അറിഞ്ഞ ശേഷം സിദ്ദിഖ് പെട്ടെന്ന് അവിടെ ബ്ലോക്ക് ചെയ്ത് ആ സീന്‍ പിന്നെ എടുക്കാമെന്ന് പറഞ്ഞ് തിലകന്‍ ചേട്ടന്റെ പോര്‍ഷന്‍ രാത്രിയോട് രാത്രി എടുത്ത് തീര്‍ത്തു. പുള്ളി പിന്നേയും എന്തൊക്കെയോ പറഞ്ഞത് സിദ്ദിഖിന് ബുദ്ധിമുട്ടും വിഷമവുമൊക്കെ ഉണ്ടാക്കി.

സിനിമയുടെ ഡബ്ബിങ്ങിനിടയിലാണ് ഈ വിഷമം തീരുന്നത്. ഡബ്ബിങ് ചെയ്യുമ്പോള്‍ സിനിമയിലെ സ്വന്തം പെര്‍ഫോമന്‍സ് കണ്ട് തിലകന്‍ ചേട്ടന്‍ ഞെട്ടിപോയി. നേരെ സിദ്ദിഖിനെ വിളിച്ചിട്ട് ഞാന്‍ ഇങ്ങനത്തെ റോളാണ് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു, നല്ല റോളാണ് എന്ന് പറഞ്ഞ് ആ പിണക്കം അന്ന് അവിടെ അവസാനിച്ചു,’ ബാബു പറഞ്ഞു. നടന്‍ സൗബിന്‍ ഷാഹിര്‍ ബാബു ഷാഹിറിന്റെ മകനാണ്.

Content Highlight: production manager Babu Shahir  talks about how the success of the film godfather paved the way for him to buy his own land

We use cookies to give you the best possible experience. Learn more