Advertisement
Entertainment news
സെറ്റിലുള്ള ആര്‍ക്കും ബോറടിക്കാന്‍ പാടില്ല എന്ന് പുള്ളിക്ക് നിര്‍ബന്ധമാണ്; ലൊക്കേഷന്‍ മാറിക്കൊണ്ടേയിരിക്കണം: പ്രൊഡക്ഷന്‍ മാനേജര്‍ ബാബു ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 06, 12:24 pm
Tuesday, 6th December 2022, 5:54 pm

മലയാള സിനിമയിലെ ക്ലാസിക് സംവിധായകരിലൊരാളാണ് ഫാസില്‍. മണിച്ചിത്രത്താഴ്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി നിരവധി ഹിറ്റുകള്‍ ഫാസിലിന്റെ സംവിധാനത്തില്‍ മലയാള സിനിമയില്‍ പിറന്നിട്ടുണ്ട്.

ഫാസില്‍ സിനിമയുടെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍. സഫാരി ചാനലിന് നല്‍കിയ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്നത് ഫാസിലിന് ഇഷ്ടമല്ലെന്നും ടെക്‌നീഷ്യന്‍മാരും ആര്‍ടിസ്റ്റുകളും ബാക്കിയുള്ള ക്രൂവും ബോറടിക്കാന്‍ പാടില്ല എന്ന് ഫാസിലിന് നിര്‍ബന്ധമാണെന്നും ബാബു ഷാഹിര്‍ പറയുന്നു.

”പപ്പയുടെ സ്വന്തം അപ്പൂസിന്റെ ആദ്യത്തെ ഷിഫ്റ്റ് ആലപ്പുഴയിലും അടുത്ത ഷിഫ്റ്റ് ഊട്ടിയിലുമായിരുന്നു. ഫാസില്‍ സാറ് തന്റെ സിനിമയില്‍ പലപല ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യും. സത്യം പറഞ്ഞാല്‍ ഒരു ഏരിയയില്‍ തന്നെ വര്‍ക്ക് ചെയ്യാം. പക്ഷെ പുള്ളി അത് ചെയ്യില്ല.

കാരണം ഈ ടെക്‌നീഷ്യന്‍മാരും ആര്‍ടിസ്റ്റുകളും ബാക്കിയുള്ള ക്രൂവും ഒന്നും ബോറടിക്കാന്‍ പാടില്ല, എന്ന് പുള്ളിക്ക് നിര്‍ബന്ധമാണ്. ഒരേ ലൊക്കേഷനില്‍ തന്നെ പത്തോ ഇരുപതോ ദിവസം മാത്രം ഷൂട്ട് ചെയ്യുക. ചിലപ്പൊ അഞ്ച് ദിവസം മാത്രം ഒരു സ്ഥലത്ത് ഷൂട്ട് ചെയ്ത് നമുക്ക് ഷിഫ്റ്റ് ചെയ്ത് പാലക്കാട് പോകാം, ആലപ്പുഴ പോകാം, തിരുവനന്തപുരം പോകാം എന്നൊക്കെ പറയും.

അപ്പൊ നില്‍ക്കുന്ന സ്ഥലത്ത് തന്നെ വേണമെങ്കില്‍ അത് എടുക്കാവുന്നതേ ഉള്ളൂ. പക്ഷെ പുള്ളി നല്ല ജോളിയായുള്ള ഒരു പോക്കുംവരവും ഒക്കെ നടത്തും. ബോറടി വരില്ല. കാരണം ഒരു സ്ഥലത്ത് തന്നെ പത്ത് ദിവസമൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍, ഓ ഇത് ഇതുവരെ തീര്‍ന്നില്ലേ’ എന്ന് പലരും ചോദിക്കാറുണ്ട്,” ബാബു ഷാഹിര്‍ പറഞ്ഞു.

ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയെ കുറിച്ചും പരിപാടിയില്‍ വെച്ച് ബാബു ഷാഹിര്‍ സംസാരിച്ചിരുന്നു. ചിത്രത്തില്‍ ഡോ. ഗോപന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയെ അല്ലായിരുന്നു പകരം നടന്‍ മുരളിയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്ന മുരളിക്ക് ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പപ്പയുടെ സ്വന്തം അപ്പൂസില്‍ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമാണ് ബാബു ഷാഹിര്‍ പറഞ്ഞത്.

Content Highlight: Production manager babu shahir talks about director Fazil