Film News
'തിലകന്‍ പറഞ്ഞത് കേട്ട് സിദ്ദിഖിന് വിഷമമായി, രാത്രിയോട് രാത്രി ഷൂട്ട് തീര്‍ത്തു, എന്നാല്‍ ഡബ്ബിങ്ങിന് ചെന്ന തിലകന്‍ സ്വന്തം കഥാപാത്രം കണ്ട് ഞെട്ടി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 05, 06:34 am
Monday, 5th December 2022, 12:04 pm

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, കനക, കെ.പി.എ.സി ലളിത എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തിയത്.

ഗോഡ്ഫാദറിന്റെ ഷൂട്ടിനിടക്ക് തിലകനും സംവിധായകന്‍ സിദ്ദിഖും തമ്മിലുണ്ടായ പിണക്കത്തെ പറ്റി പറയുകയാണ് പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഗോഡ്ഫാദറിന്റെ വിശേഷങ്ങള്‍ ബാബു പങ്കുവെച്ചത്.

‘ഗോഡ്ഫാദറിന്റ ക്ലൈമാക്‌സ് എടുത്തുകൊണ്ടിരിക്കുകയാണ്. ഗോഡ്ഫാദറിലുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെയുണ്ട്. ഒരു ഏരിയയില്‍ കല്യാണ പാര്‍ട്ടിക്കാര്‍ വരുന്നു, മറ്റൊരിടത്ത് ബിരിയാണി ചെമ്പും വെച്ച് മുഖം മറച്ച് മറ്റൊരു ടീം പോകുന്നു. സിദ്ദിഖ് ഓര്‍ഡര്‍ അനുസരിച്ച് ഷൂട്ട് ചെയ്യുകയാണ്. വെസ്റ്റ് ഹില്ലിലാണ് ഷൂട്ട് നടക്കുന്നത്.

കല്യാണ മണ്ഡപത്തിന്റെ എക്‌സ്റ്റീരിയര്‍ ഷൂട്ട് അവിടെയും ഇന്റീരിയര്‍ വേറെ ഹാളിലുമാണ്. അവിടെ എന്‍.എന്‍. പിള്ളയും മക്കളും നിരന്ന് നില്‍ക്കുന്നു. അത് എടുത്ത് കഴിഞ്ഞ് മുകേഷും ഗ്രൂപ്പും വരുന്നത് വേറെ എടുക്കുന്നു. ഇതിനിടക്ക് തിലകന്‍ ചേട്ടന് മറ്റൊരു പടവും കൂടി ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. സന്ദേശമായിരുന്നു എന്ന് തോന്നുന്നു. അവിടെ നിന്നും അഡ്ജസ്റ്റ് ചെയ്താണ് തിലകന്‍ ചേട്ടനെ കൊണ്ടുവരുന്നത്.

ഇവടുത്തെ ഷൂട്ടിനായി തിലകന്‍ ചേട്ടന്‍ രാവിലെ മുതല്‍ വന്നിരിക്കുകയാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ ഇരുന്നു. ഞാന്‍ ഇവിടെ രാവിലെ വന്നിരിക്കുന്നതല്ലേ, എന്റെ സീന്‍ എടുക്കുന്നില്ലേ എന്ന് തിലകന്‍ ചേട്ടന്‍ ചോദിച്ചു. ചേട്ടാ കുറച്ച് ഷൂട്ട് ബാലന്‍സ് ഉണ്ട്. അത് അവിടെ എടുക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞു. ഓഹോ അവരെ വെച്ച് തീര്‍ക്കുകയാണോ, നമ്മളൊക്കെ വെറുതെ വന്ന് ഇരിക്കുകയാണല്ലേ എന്ന് തിലകന്‍ ചേട്ടന്‍ ചോദിച്ചു. കാര്യം ശരിയാണ്. ഞാന്‍ രാവിലെ മേക്കപ്പ് ചെയ്ത് പുള്ളിയെ കൊണ്ട് ഇരുത്തിയതാണ് അവിടെ.

ഇവിടെ രാവിലെ മുതല്‍ വന്ന് ഇരിക്കുകയാണെന്നും അപ്പുറത്ത് സത്യന്റെ പടമുണ്ടെന്നും അത് പോയി അഭിനയിക്കാമായിരുന്നു എന്നുമൊക്കെ തിലകന്‍ ചേട്ടന്‍ ആരോടൊക്കെയോ പറഞ്ഞു. ഇത് കേട്ടവര്‍ സിദ്ദിഖിനോട് ചെന്ന് പറഞ്ഞു. സിദ്ദിഖിന് അത് ഭയങ്കര വിഷമമായി. സിദ്ദിഖ് വെറുതേ ഇരിക്കുകയല്ലല്ലോ. അത് അറിഞ്ഞ ശേഷം സിദ്ദിഖ് പെട്ടെന്ന് അവിടെ ബ്ലോക്ക് ചെയ്ത് ആ സീന്‍ പിന്നെ എടുക്കാമെന്ന് പറഞ്ഞ് തിലകന്‍ ചേട്ടന്റെ പോര്‍ഷന്‍ രാത്രിയോട് രാത്രി എടുത്ത് തീര്‍ത്തു. പുള്ളി പിന്നേയും എന്തൊക്കെയോ പറഞ്ഞത് സിദ്ദിഖിന് ബുദ്ധിമുട്ടും വിഷമവുമൊക്കെ ഉണ്ടാക്കി.

സിനിമയുടെ ഡബ്ബിങ്ങിനിടയിലാണ് ഈ വിഷമം തീരുന്നത്. ഡബ്ബിങ് ചെയ്യുമ്പോള്‍ സിനിമയിലെ സ്വന്തം പെര്‍ഫോമന്‍സ് കണ്ട് തിലകന്‍ ചേട്ടന്‍ ഞെട്ടിപോയി. നേരെ സിദ്ദിഖിനെ വിളിച്ചിട്ട് ഞാന്‍ ഇങ്ങനത്തെ റോളാണ് ചെയ്തതെന്ന് എനിക്ക് അറിയില്ലായിരുന്നു നല്ല റോളാണ് എന്ന് പറഞ്ഞ് ആ പിണക്കം അന്ന് അവിടെ അവസാനിച്ചു,’ ബാബു പറഞ്ഞു.

Content Highlight: production manager babu shahir about godfather shoot and thilakan