നിര്‍മാതാക്കള്‍ക്ക് വേണ്ടി അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
national news
നിര്‍മാതാക്കള്‍ക്ക് വേണ്ടി അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2024, 9:15 am

ന്യൂദല്‍ഹി: എട്ട് അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉത്പാദനം പ്രായോഗികമല്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മരുന്നുകളുടെ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന എട്ട് മരുന്നുകളുടെ വില വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയുടെ അപെക്‌സ് ഡ്രഗ് പ്രൈസിങ് റെഗുലേറ്ററിന് അനുമതി നല്‍കുകയായിരുന്നു.

വില നിയന്ത്രിക്കുന്ന നടപടികള്‍ കാരണം മരുന്നുകളുടെ ഉത്പാദനം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മരുന്ന് നിര്‍മാതാക്കള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് കീഴിലുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ ഈ നീക്കം എട്ട് മരുന്നുകളുടെയും വലിയ തോതിലുള്ള വില വര്‍ധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെന്‍സില്‍ പെന്‍സില്‍, അട്രോപ്പിന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ പൗഡര്‍, സാല്‍ബുറ്റമോള്‍ ടാബ്ലറ്റ്, റെസ്പിറേറ്റര്‍ ലായനി, പൈലോകാര്‍പൈന്‍, ലിഥിയം ഗുളികകള്‍ എന്നീ മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുക.

വിലനിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാര്‍ ഷെഡ്യൂള്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മരുന്നുകളെ അവശ്യമരുന്നുകളായി തരംതിരിച്ചത്. ഈ മരുന്നുകളെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്ത വിലയുടെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സര്‍ക്കാര്‍ ഇത്തരം മരുന്നുകള്‍ക്ക് ഉയര്‍ന്ന സീലിങ് വില നിശ്ചയിക്കാറുണ്ട്.

എന്നാല്‍ നിലവിലെ അവശ്യ മരുന്നുകളുടെ വര്‍ധനവ് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ വര്‍ധിച്ച വില, ഉത്പാദനച്ചെലവിലെ വര്‍ധനവ്, നിരക്ക് വ്യത്യാസം എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ പ്രകാരമാണ് മരുന്നുകളുടെ സീലിങ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 2013ലെ ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരമാണ് മരുന്നുകളുടെ സീലിങ് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്.

എന്നാല്‍ ഇത്തരം മരുന്നുകളില്‍ ഭൂരിഭാഗം മരുന്നുകളും വില കുറഞ്ഞവയാണെന്നും ഫസ്റ്റ്‌ലൈന്‍ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം മരുന്നുകളില്‍ നിന്നും മാറി നോണ്‍-ഷെഡ്യൂള്‍ഡ് മരുന്നുകള്‍ക്ക് നിര്‍മാതാക്കള്‍ക്ക് അവരുടെതായ വില നിശ്ചയിക്കാന്‍ കഴിയും. എന്നാല്‍ ഈ മരുന്നുകളെ അവശ്യ മരുന്നുകളായി കണക്കാക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ 2019ലും 2021ലും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി മരുന്നുകള്‍ക്ക് 50 ശതമാനം വില വര്‍ധനവ് അനുവദിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള മരുന്നുകളുടെ തുടര്‍ ലഭ്യതയ്ക്ക് വേണ്ടിയായിരുന്നു ആ നീക്കം.

Content Highlight: Production is not feasible; Central government has increased the price of essential medicines