ആരാധന നടക്കുന്ന പള്ളി ലൂസിഫറിന് വേണ്ടി മാറ്റിയെടുത്തു, ഷൂട്ട് കഴിഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ അത് പുതുക്കി പണിതു: എല്‍ദോ സെല്‍വരാജ്
Film News
ആരാധന നടക്കുന്ന പള്ളി ലൂസിഫറിന് വേണ്ടി മാറ്റിയെടുത്തു, ഷൂട്ട് കഴിഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ അത് പുതുക്കി പണിതു: എല്‍ദോ സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 2:28 pm

മേക്കിങ്ങിലും കഥയിലും പുതുമയുള്ള അനുഭവം സമ്മാനിച്ച ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ എത്തിയ ചിത്രം എക്കാലത്തേയും മികച്ച വിജയം നേടിയ മലയാള സിനിമയാണ്.

സിനിമയില്‍ കാണിച്ച ലൊക്കേഷനുകളെ പറ്റി സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് എല്‍ദോ സെല്‍വരാജ്. സിനിമക്ക് വേണ്ടി മാറ്റിയെടുത്ത ഒരു പള്ളി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുതുക്കി പണിത് കൊടുത്തതും സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ എല്‍ദോ പറഞ്ഞു.

‘ലൂസിഫര്‍ സിനിമയിലെ പ്രധാനപ്പെട്ട ലൊക്കേഷനായിരുന്നു രണ്ട് പള്ളികള്‍. സിനിമ റിലീസ് ചെയ്തതിന് ശേഷം ആ പള്ളികളെ പറ്റി പല മാധ്യമങ്ങളിലും പല വാര്‍ത്തകളാണ് വന്നത്. ഫാസില്‍ സാര്‍ അച്ചനായി വരുന്ന ആദ്യം കാണിക്കുന്ന പള്ളി വണ്ടിപെരിയാറിലാണ് ചിത്രീകരിച്ചത്. അതുപോലെ മഞ്ജു വാര്യറും മോഹന്‍ലാലും വരുന്ന പള്ളി വാഗമണ്ണില്‍ നിന്നും ഉപ്പുതറക്ക് പോകുന്ന ചീന്തലാറിലാണ് ഷൂട്ട് ചെയ്തത്.

അത് ഒരു പഴയ പള്ളിയാണ്. അവിടെ മാസത്തില്‍ ഒരു തവണ ആരാധന നടക്കും. സി.എസ്.ഐയുടെ കീഴിലുള്ള പള്ളിയാണ്. ഈ പള്ളി കണ്ടെത്തിയതിന് ശേഷം സി.എസ്.ഐയിലെ ബിഷപ്പിനെ സമീപിക്കുകയും അവര്‍ അനുമതി നല്‍കുകയും ചെയ്തു. ചിത്രീകരണത്തിന് വേണ്ട രീതിയില്‍ ഞങ്ങള്‍ ഈ പള്ളിയെ മാറ്റിയെടുത്തു. ഷൂട്ടിന് ശേഷം ആന്റണി പെരുമ്പാവൂര്‍ ഈ പള്ളി നല്ല രീതിയില്‍ പുതുക്കി പണിതുകൊടുത്തു,’ എല്‍ദോ പറഞ്ഞു.

‘മോഹന്‍ലാലിന്റെ ആദ്യത്തെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തത് കുട്ടിക്കാനത്തെ ഒരു പഴയ കൊട്ടാരത്തിലാണ്. അമ്മച്ചിക്കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്. പൂഞ്ഞാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. ഒരു ട്രസ്റ്റിന്റെ കീഴിലായിരുന്നു ഈ കൊട്ടാരം. നമ്മുടെ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഈ കൊട്ടാരത്തെ ഒരു ഗോഡൗണ്‍ പോലെ ആക്കിത്തീര്‍ത്തത് കലാസംവിധായകന്‍ മോഹന്‍ദാസാണ്. സിനിമയുടെ ഫൈറ്റിലെ ഭൂരിഭാഗവും ചിത്രീകരിച്ചത് ഈ അമ്മച്ചിക്കൊട്ടാരത്തിലാണ്,’ എല്‍ദോ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ലൂസിഫറിന്റെ തെലുങ്ക് റീമേക്കും പുറത്തിറങ്ങിയിരുന്നു. ചിരഞ്ജീവി നായകനായ ചിത്രം സംവിധാനം ചെയ്തത് മോഹന്‍രാജ ആയിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Content Highlight: production exicutive Eldo selvaraj said that Antony Perumbavoor, had been renovated a church after the shoot of lucifer