| Tuesday, 18th October 2022, 9:09 am

ഒരു കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ച റോഡാണെന്ന് ആ പ്രദേശത്തുകൂടി പോകുന്നവര്‍ക്ക് മനസിലാവില്ല, ഒറ്റദിവസം കൊണ്ട് ക്ലീന്‍ ചെയ്തു: എല്‍ദോ സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഏറ്റവും അപകടം പിടിച്ച രംഗങ്ങളായിരുന്നു കണ്ടെയ്‌നര്‍ പൊട്ടിത്തെറിക്കുന്നത്. ചിത്രത്തിലെ ബ്ലാസ്റ്റിങ്ങുകളൊന്നും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ലായിരുന്നുവെന്നും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തി ചിത്രീകരിച്ചതാണെന്നും പറയുകയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവായ എല്‍ദോ സെല്‍വരാജ്. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിസ്‌ക് പിടിച്ച രീതിയിലേ ബ്ലാസ്റ്റിങ് ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. ആളുകളുടെ സേഫ്ടി നോക്കണം. ബ്ലാസ്റ്റിനിടക്ക് എന്തും സംഭവിക്കാം. അത്രയും ടെന്‍ഷന്‍ പിടിച്ച സീക്വന്‍സായിരുന്നു ബ്ലാസ്റ്റിങ്. റോഡ് ബ്ലോക്ക് ചെയ്ത് അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരേയും നിര്‍ത്തിക്കൊണ്ടാണ് ബ്ലാസ്റ്റ് നടത്തുന്നത്.

ഒരു മലയുടെ സൈഡില്‍ ഞങ്ങളെല്ലാവരും കിലോമീറ്ററുകളോളം മാറിനിന്നു. ഓപ്പോസിറ്റ് ഉള്ള മലയില്‍ ക്യാമറമാന്‍ സുജിത്തേട്ടന്‍, മറ്റൊരു സൈഡില്‍ സുജിത്തേട്ടന്റെ അസോസിയേറ്റ് രവി, ഇവരെല്ലാം നിന്ന് ഷൂട്ട് ചെയ്യുന്നു. തീ അണക്കാനുള്ള ഫയര്‍ എഞ്ചിന്‍ വണ്ടി, മെഡിക്കല്‍ ടീം അങ്ങനെ എല്ലാം സജീകരിച്ചിട്ടാണ് വാഗമണ്ണില്‍ ഷൂട്ട് ചെയ്തത്.

സ്‌കോര്‍പിയോ കാറിലുള്ള ചേസ് ബെംഗളൂരുവിലെ നൈസ് റോഡിലാണ് ഇത് ഷൂട്ട് ചെയ്തത്. ഈ റോഡില്‍ രാത്രിയില്‍ അധികം വണ്ടികളില്ല. മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. അത്രയും വൈഡായി ലൈറ്റ് സെറ്റ് ചെയ്യുന്നത് തന്നെ വലിയ ഉത്തരവാദിത്തമാണ്.

എല്ലാവരും ഒരു കിലോമീറ്ററോളം മാറിനിന്നാണ് ഷൂട്ട് ചെയ്തത്. വാക്കിടോക്കി വഴിയാണ് കമ്മ്യൂണിക്കേഷന്‍ നടന്നത്. അതിന് ശേഷം സ്‌കോര്‍പിയോയില്‍ വന്ന് ബോംബ് വെക്കുന്നു, അതിന് ശേഷം കണ്ടെയ്‌നര്‍ മറിയുന്നു.

ബ്ലാസ്റ്റിന്റെ സീനുകളെല്ലാം ഒറിജിനലായിരുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഒന്നുമുണ്ടായിരുന്നില്ല. രാത്രിയിലാണ് ഈ സീന്‍ എടുത്തത്. പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ വണ്ടികള്‍ വരുന്ന സ്ഥലമാണ്. റോഡ് ബ്ലോക്ക് ചെയ്യാന്‍ പാടില്ല. അന്ന് തന്നെ അങ്കമാലിയില്‍ നിന്നും ക്രെയ്ന്‍ വിളിച്ച് ലോറി അവിടെ നിന്നും ക്ലിയര്‍ ചെയ്തു. റോഡില്‍ വെള്ളമൊഴിച്ച് ഫുള്‍ ക്ലീന്‍ ചെയ്തു. പിറ്റേദിവസം ആ പ്രദേശത്തുകൂടി നടന്നുപോവുന്നവര്‍ക്ക് അവിടെ അങ്ങനെ ഒരു സംഭവം നടന്നതായി പോലും മനസിലാവില്ല,’ എല്‍ദോ പറഞ്ഞു.

Content Highlight: production executive eldo selvaraj talks about the blast scenes in lucifer movie

We use cookies to give you the best possible experience. Learn more