ബറോസില്‍ മോഹന്‍ലാല്‍ എന്ന സംവിധായകനാണ് എന്നെ അമ്പരപ്പിച്ചത്, അതിന് കാരണവുമുണ്ട്: പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍
Entertainment
ബറോസില്‍ മോഹന്‍ലാല്‍ എന്ന സംവിധായകനാണ് എന്നെ അമ്പരപ്പിച്ചത്, അതിന് കാരണവുമുണ്ട്: പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 4:07 pm

ശ്യാമപ്രസാദിന്റെ അകലെ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ആളാണ് സന്തോഷ് രാമന്‍. പിന്നീട് മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 35ഓളം സിനിമകളില്‍ പ്രൊഡക്ഷന്‍ ഡിസൈനറാവുകയും 300ലധികം പരസ്യചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിക്കുകയും ചെയ്തു. ടേക്ക് ഓഫ് എന്ന സിനിമയിലെ വര്‍ക്കിന് ദേശീയ, സംസ്ഥാന അവാര്‍ഡും സന്തോഷിന് ലഭിച്ചു.

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസാണ് സന്തോഷിന്റെ പുതിയ ചിത്രം. ചിത്രത്തിലേക്ക് തന്നെ വിളിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്നും ടെക്‌നിക്കല്‍ ക്രൂവിലെ ഒരേയൊരു മലയാളി താന്‍ മാത്രമായിരുന്നുവെന്നും സന്തോഷ് പറഞ്ഞു. മോഹന്‍ലാല്‍ എന്ന നടനെക്കാള്‍ തന്നെ അത്ഭുതപ്പെടുത്തിയത് മോഹന്‍ലാല്‍ എന്ന സംവിധായകനായിരുന്നുവെന്നും സന്തോഷ് രാമന്‍ പറഞ്ഞു. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്.

‘എന്നെ ഈ സിനിമയിലേക്ക് വിളിച്ചത് ലാല്‍ സാറായിരുന്നു. ഇത്രയും വലിയ ഒരു പ്രൊജക്ടില്‍ ഭാഗമായത് വലിയ സന്തോഷം തന്ന ഒന്നായിരുന്നു. ആ ക്രൂവില്‍ മലയാളിയായി ഞാനും സന്തോഷ് ശിവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഹോളിവുഡില്‍ നിന്നുള്ള ടെക്‌നിഷ്യന്മാരായിരുന്നു. വളരെ ആസ്വദിച്ച് ചെയ്ത വര്‍ക്കാണ് ബറോസിലേത്. അതിന്റെ വേള്‍ഡ് തന്നെ വളരെ വലുതാണ്. ഷൂട്ട് കഴിഞ്ഞ ദിവസം ഇതുപോലൊരു എക്‌സ്പീരിയന്‍സാവും ഈ സിനിമയെന്ന് സന്തോഷ് ശിവന്‍ സാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന നടന്‍ പലപ്പോഴും നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ മോഹന്‍ലാല്‍ എന്ന സംവിധായകനാണ് ഈ സിനിമയില്‍ എന്നെ കൂടുതല്‍ അമ്പരപ്പിച്ചത്. ഇത്രയും കാലത്തെ കരിയറിനിടയില്‍ പല ലെജന്‍ഡറി സംവിധായകരുടെ കൂടെയും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ എക്‌സ്പീരിയന്‍സ് മുഴുവന്‍ അദ്ദേഹം ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഷോട്ട് ഡിവിഷന്റെ കാര്യത്തിലൊക്കെ അദ്ദേഹത്തിന്റെ സ്‌കില്‍ അമ്പരപ്പിക്കുന്നതാണ്, സിനിമയിറങ്ങുമ്പോള്‍ അദ്ദേഹത്തിലെ സംവിധായകന്‍ പ്രേക്ഷകര്‍ക്കും പുതിയ അനുഭവമായിരിക്കും,’ സന്തോഷ് രാമന്‍ പറഞ്ഞു

Content Highlight: Production Designer Santhosh Raman about Barroz