| Friday, 1st April 2022, 6:57 pm

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഫൈറ്റിലുള്‍പ്പെടെ കുറേ ഗിമ്മിക്കുകള്‍ കാണിച്ച സിനിമയാണ് ട്വന്റി 20; കലാസംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ അപൂര്‍വ്വതയായിരുന്നു ട്വന്റി 20 എന്ന സിനിമ. ജോഷിയുടെ സംവിധാനത്തില്‍ 2008-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്.

ചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണം കൂടി ഉദ്ദേശിച്ച് നിര്‍മിച്ച ചിത്രത്തില്‍ താരങ്ങള്‍ പ്രതിഫലമില്ലാതെയാണ് അഭിനയിച്ചത്.

അതേസമയം സിനിമയിലെ പല രംഗങ്ങളും ഒന്നിലധികം സെറ്റുകളില്‍ ചിത്രീകരിച്ചുവെന്നും, ചില രംഗങ്ങളും ഒരേ സെറ്റില്‍ മാറ്റം വരുത്തി ചിത്രീകരിച്ചുവെന്നും പറയുകയാണ് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍. ഒരേ സ്ഥലത്തെ ഒരു സെറ്റില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി കുറേ ഗിമ്മിക്കുകള്‍ കാണിച്ച സിനിമയാണ് ട്വന്റി 20യെന്നും അദ്ദേഹം പറഞ്ഞു.

കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ട്വന്റി 20യുടെ പിന്നിലുള്ള കാര്യങ്ങള്‍ പറഞ്ഞത്.

‘ട്വന്റി 20 യില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നു. കാരണം എല്ലാ ആര്‍ട്ടിസ്റ്റുകളും ഒന്നിച്ച, ജനങ്ങളെല്ലാം കാണാന്‍ കാത്തിരുന്ന സിനിമയായിരുന്നു ട്വന്റി 20. എനിക്ക് തോന്നുന്നത് ഏകദേശം ഒരു വര്‍ഷം കൊണ്ടാണ് ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അത്രയും നാള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കേണ്ടി വന്നു.

അമ്മയുടെ പ്രവര്‍ത്തനങ്ങളേയും അംഗങ്ങളേയും സഹായിക്കാന്‍ ദിലീപ് ഒരുക്കിയ സിനിമയായിരുന്നു ട്വന്റി 20. വൈക്കത്തുള്ള ഒരു വീടായിരുന്നു ചിത്രത്തിലെ തറവാടായി കണ്ടെത്തിയത്. ആ തറവാട് ആദ്യമായാണ് ഒരു സിനിമക്കായ ഷൂട്ട് ചെയ്യുന്നത്. മോഡേണായ ആ വീട്ടില്‍ കുറേ മാറ്റം വരുത്തി പഴയ തറവാടാക്കി മാറ്റി.

ഒരു വര്‍ഷത്തെ ഷൂട്ടിന് ശേഷം പിന്നീട് മൂന്നു വര്‍ഷവും മറ്റ് സിനിമകള്‍ക്കായി ആ വീടും സെറ്റും ഉപയോഗിക്കുകയുണ്ടായി. സാധാരണ റബ്ബര്‍ കൊണ്ടുള്ള മരങ്ങളാണ് സെറ്റില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ റെഡ് സിലോക്ക് എന്ന മരം കൊണ്ടാണ് സെറ്റ് ഒരുക്കിയത്,’ ജോസഫ് പറഞ്ഞു.

‘ഈ പടത്തിലെ മിക്കതും സെറ്റ് തന്നെയായിരുന്നു. അതില്‍ ഒരു ഫ്‌ളാറ്റില്‍ വെച്ച് മമ്മൂക്കയും മോഹന്‍ലാലും തമ്മിലുള്ള ഫൈറ്റ് ഉണ്ട്. അത് മൂന്ന് സ്ഥലത്താണ് ഷൂട്ട് ചെയ്യുന്നത്. അതില്‍ ലാലേട്ടന്‍ റൂമില്‍ നിന്നും പൂളിലേക്ക് എടുത്ത് ചാടുന്നത് ഷൂട്ട് ചെയ്തത് മറൈന്‍ ഡ്രൈവിന്റെ ബാക്ക് സൈഡിലുള്ള ജോയ് ആലുക്കാസിന്റെ ബില്‍ഡിംഗിലാണ്. ഗേറ്റ് കടന്നുവരുന്നത് ഷൂട്ട് ചെയ്തിരിക്കുന്നത് അശോക് നഗറിലുള്ള ഫ്‌ളാറ്റിലായിരുന്നു. പൂമ്പാറ്റ എന്ന സ്റ്റുഡിയോയിലായിരുന്നു ഇന്റീരിയര്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. മൂന്ന് സ്ഥലങ്ങളും ഒന്നിച്ചാണ് സിനിമയില്‍ കാണിക്കുന്നത്.

ഫ്‌ളാറ്റ് സെറ്റിട്ട പൂമ്പാറ്റേല്‍ തന്നെയാണ് കോടതി ഷൂട്ട് ചെയ്തത്. കോടതി സെറ്റ് പൊളിച്ചാണ് നയന്‍താരയും രാജുവും കുഞ്ചാക്കോ ബോബനുമൊക്കെയുള്ള സോംഗ് ഷൂട്ട് ചെയ്തത്. അങ്ങനെ ഒരേ സ്ഥലത്തെ ഒരു സെറ്റില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി കുറേ ഗിമ്മിക്കുകള്‍ കാണിച്ച സിനിമയാണ് ട്വന്റി 20,’ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: production designer joseph nellikkal about twenty 20 movie

We use cookies to give you the best possible experience. Learn more