ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചതിന് തനിക്കും ക്യാമറാപേഴ്‌സണും സംവിധായകനും പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ വഞ്ചിച്ചുവെന്ന് നടന്‍ ബാല കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ സിനിമയില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് പ്രതിഫലം തന്നിട്ടുണ്ടെന്ന് സംവിധായകന്‍ അനൂപ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ സിനിമയില്‍ അഭിനിയച്ചതിന് ബാലക്ക് പണം നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗളത്ത് വെളിപ്പെടുത്തുന്നത്. ഉണ്ണി മുകുന്ദന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് പണം വേണ്ടന്നാണ് ബാല പറഞ്ഞതെന്നും എന്നിട്ടും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഇതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് തന്റെ പക്കലുണ്ടെന്നും വിനോദ് മംഗളത്ത് പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
”ഏത് അര്‍ത്ഥത്തിലാണ് ചതിച്ചുവെന്ന് പറയുന്നതെന്ന് ബാല വ്യക്തമാക്കണം. കാരണം അദ്ദേഹം പറയുന്ന ഒരു സ്റ്റേറ്റ്‌മെന്റ് അദ്ദേഹത്തിന് പെയ്‌മെന്റ് കിട്ടിയില്ലെന്നാണ്. അതിന്റെ ക്യാമറമാന് പൈസ കിട്ടിയില്ലെന്നും പറയുന്നുണ്ട്, കൂടാതെ ഡയറക്ടറുടെ കാര്യവും പറയുന്നുണ്ട്.
ഒരു സിനിമയെ സംബന്ധിച്ച് ഈ മൂന്ന് വ്യക്തികള്‍ മാത്രമല്ല വര്‍ക്ക് ചെയ്യുന്നത്. അവര്‍ക്കെല്ലാം നമ്മള്‍ പെയ്‌മെന്റ് കൊടുത്തു. ബാല ഈ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത് ഉണ്ണി മുകുന്ദന്‍ സജസ്റ്റ് ചെയ്തിട്ടാണ്. ആദ്യത്തെ കാസ്റ്റിങ്ങില്‍ തന്നെ പെയ്‌മെന്റിന്റെ കാര്യം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചതാണ്.
അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഉണ്ണി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ എന്ന് പറയുന്നത് എന്റെ സിനിമ കൂടിയാണെന്നാണ്. ഉണ്ണി മുകുന്ദന്‍ എന്റെ ക്ലോസ് ഫ്രണ്ടാണ് അതുകൊണ്ട് ഞാന്‍ ഈ സിനിമക്ക് ശമ്പളം പറയില്ല എന്ന് പറഞ്ഞാണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നത്.
അഭിനയം കഴിഞ്ഞ് ഡബ്ബിങ്ങിന്റെ സമയത്ത് ഞാന്‍ വീണ്ടും സാറിന്റെ പെയ്‌മെന്റ് എന്താണെന്ന് ചോദിച്ചു. അപ്പോഴും അദ്ദേഹം പറഞ്ഞത് ആദ്യത്തെ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു എനിക്ക് പെയ്‌മെന്റ് വേണ്ടന്നാണ്. എങ്കില്‍ പോലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തം കൊണ്ട് ഡബ്ബിങ്ങ് കഴിഞ്ഞപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ അദ്ദേഹത്തിന് അക്കൗണ്ടില്‍ ഇട്ട് കൊടുത്തു. അതിന്റെ ബാങ്ക് സ്റ്റേമെന്റ് ഉണ്ട്.
അത് കഴിഞ്ഞ് സിനിമയുടെ മറ്റ് പ്രൊസസും കഴിഞ്ഞ് റിലീസിന് മുമ്പ് ഒരു ലക്ഷം രൂപ കൂടെ അദ്ദേഹത്തിന് അയച്ചുകൊടുത്തു. അങ്ങനെ ടോട്ടല്‍ രണ്ട് ലക്ഷം രൂപ അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ഞാന്‍ അയച്ച് കൊടുത്തു.
ഈ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഒരു പ്രതിഫലവും വേണ്ടെന്ന് പറഞ്ഞ് അഭിനയിക്കാന്‍ വരികയും എന്റെ സ്വന്തം താല്‍പര്യത്തിന്റെ പുറത്ത് രണ്ട് ലക്ഷം രൂപ അയച്ച് കൊടുക്കുകയും ചെയ്തു. അതാണ് ബാലയുമായിട്ടുള്ള കാര്യം,” വിനോദ് മംഗളത്ത് പറഞ്ഞു.
CONTENT HIGHLIGHT: production controller Vinod Mangalath reveals that Bala had been paid in the movie