| Thursday, 9th February 2023, 7:05 pm

'ഭദ്രന്‍ കേക്ക് എടുത്ത് എറിഞ്ഞു, ഒറിജിനല്‍ എലിയെ കൊണ്ടുവരാന്‍ പറഞ്ഞു, സുരേഷേട്ടനെ കൊണ്ട് ആ എലിയെ കടിച്ചുപറിപ്പിച്ചു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് യുവതുര്‍ക്കി. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ സുരേഷ് ഗോപിയെകൊണ്ട് ഭദ്രന്‍ എലിയെ കടിപ്പിച്ച അനുഭവം പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് എലിയുടെ രൂപത്തിലുള്ള കേക്ക് കൊണ്ടുവന്നെങ്കിലും ഭദ്രന്‍ സമ്മതിച്ചില്ലെന്നും അതെടുത്ത് എറിഞ്ഞെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സേതു പറഞ്ഞു.

‘യുവതുര്‍ക്കിയുടെ ഷൂട്ട് കൂടുതലും നടന്നത് ചെന്നൈയിലായിരുന്നു. മുത്തുരാജാണ് അന്ന് ആര്‍ട്ട് ഡയറക്ടര്‍. യുവതുര്‍ക്കിയില്‍ കീരിക്കാടന്‍ ജോസിന്റെ കലീമുള്ള എന്നൊരു കഥാപാത്രമുണ്ട്. എല്ലാവര്‍ക്കും ചിക്കന്‍ കൊടുക്കുമ്പോള്‍ സുരേഷ് ഗോപിക്ക് കഞ്ഞിയാണ് കൊടുക്കുക.

കീരിക്കാടന്റെ കഥാപാത്രം സുരേഷേട്ടന്റെ കഥാപാത്രത്തെകൊണ്ട് പച്ച എലിയെ കടിച്ചുപറിപ്പിക്കുന്ന ഒരു സീക്വന്‍സ് ഉണ്ട്. മുത്തുരാജ് എലിയുടെ രൂപത്തിലുള്ള കേക്ക് കൊണ്ടുകൊടുത്തു. ഭദ്രന്‍ സാര്‍ എടുത്ത് ഒരൊറ്റ ഏറ് എറിഞ്ഞു. പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. ഒറിജിനല്‍ എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ ഒറിജിനല്‍ എലിയെ കൊണ്ടുവന്ന് പച്ചക്ക് സുരേഷേട്ടനെ കൊണ്ട് കടിച്ച് പറിപ്പിച്ചു. ഭദ്രന്‍ സാര്‍ മനസില്‍ കാണുന്ന ഷോട്ട് എടുത്തിരിക്കും. അതുകഴിഞ്ഞ് കുറേ ഡെറ്റോള്‍ ഒക്കെ എടുത്ത് വായിലൊഴിച്ച് തുപ്പി.

അതുപോലെ സുരേഷ് ഗോപിയുടെ അമ്മയായി സുകുമാരി ചേച്ചിയാണ് സിനിമയില്‍ അഭിനയിക്കുന്നത്. അവര്‍ മരിച്ചുപോവുകയാണ്. ബോഡി വീല്‍ചെയറില്‍ കൊണ്ടുവന്ന് ജയിലില്‍ കൊണ്ടുവന്ന് കാണിക്കുന്നുണ്ട്. വായില്‍ കൂടി ഈത്ത ഒഴുകുന്നുണ്ട്. അതില്‍ ഈച്ച ഇരിക്കണം. ചുറ്റും ഇത്രയും ലൈറ്റ് ഇടുമ്പോള്‍ എങ്ങനെ ഈച്ചയിരിക്കാനാണ്?

അവസാനം കുറെ പഞ്ചസാര ലായനി കൊണ്ടുവന്ന് ഒഴിച്ചപ്പോള്‍ ഈച്ച വന്നു. അത് എടുക്കാനായി ഒരു ക്യാമറ മാറ്റിവെച്ചു. അതിനടുത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെച്ചു. അപ്പുറത്ത് വേറെ ഫൈറ്റ് ഷൂട്ട് ചെയ്യുകയാണ്. ഈച്ച വരുമ്പോള്‍ വിളിക്കണം. ക്യാമറ മാനും ക്യാമറ അസിസ്റ്റന്റും ഡയറക്ടറും മാത്രം പതുക്കെ അടുത്ത് വന്ന് ക്യാമറ ഓണ്‍ ചെയ്യുക. അതുവരെ സുകുമാരി ചേച്ചി ഇരിക്കുകയാണ്, വേറെ വഴിയില്ല. അങ്ങനെയൊരു സംവിധായകനാണ് ഭദ്രന്‍ സാര്‍,’ സേതു പറഞ്ഞു.

Content Highlight: production controller sethu adoor about yuvathurkki movie

We use cookies to give you the best possible experience. Learn more