'മമ്മൂട്ടി, ഛെ, എന്ത് പേര്? ഈ പേര് മാറ്റണമെന്ന് സംവിധായകന്‍ പറഞ്ഞു, ആ സിനിമയില്‍ നിന്നും അദ്ദേഹത്തിന് മോശം അനുഭവങ്ങളുണ്ടായി, ഇന്നും അതിനെ പറ്റി സംസാരിക്കില്ല'
സ്‌ഫോടനം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി നായകനായതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീര്‍. അതില്‍ പേര് മാറ്റി സജിന്‍ എന്ന പേരാണ് ഇട്ടതെന്നും അതുകൊണ്ടാണ് അദ്ദേഹം ഈ ചിത്രത്തെ പറ്റി സംസാരിക്കാത്തതെന്നും കബീര്‍ പറഞ്ഞു. ഇതുകൂടാതെ വിഷമിപ്പിക്കുന്ന പല അനുഭവങ്ങളും ചിത്രത്തില്‍ വെച്ച് മമ്മൂട്ടിക്കുണ്ടായെന്നും കബീര്‍ പറഞ്ഞു.
‘സ്‌ഫോടനം എന്ന സിനിമയുടെ ഷൂട്ട് തുടങ്ങാനിരിക്കുകയാണ്. അപ്പോള്‍ മമ്മൂട്ടി എന്ന പേര് വേണ്ടെന്ന് സംവിധായകന്‍ വിശ്വംഭരന്‍ പറഞ്ഞു. ഈ പേര് കൊള്ളില്ല, മമ്മൂട്ടി, എന്ത് പേര്? ഛെ, ഈ പേര് മാറ്റണമെന്ന് പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള പേരിട്ടോളാന്‍ വിതരണക്കാരന്‍ ബാബു പറഞ്ഞു. ബാബുവിന് മമ്മൂട്ടിയെ വലിയ താല്‍പര്യമാണ്. അങ്ങനെ മമ്മൂട്ടിയുടെ പേര് സജിന്‍ എന്നാക്കി.
സിനിമയുടെ ടൈറ്റില്‍ കാര്‍ഡെടുത്ത് നോക്കിയാല്‍ അത് ഇപ്പോഴും കാണാം. മമ്മൂട്ടിയുടെ പേര് സജിന്‍ എന്നാണ്. ബ്രാക്കെറ്റില്‍ അദ്ദേഹത്തിന്റെ റിക്വസ്റ്റ് അനുസരിച്ച് മമ്മൂട്ടി എന്നെഴുതിയിട്ടുണ്ട്.
സ്‌ഫോടനത്തിലൂടെയാണ് മമ്മൂട്ടി നായകനായതെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. സജിന്‍ എന്ന പേര് മമ്മൂട്ടി അക്‌സപ്റ്റ് ചെയ്തില്ലായിരുന്നു. സ്‌ഫോടനം എന്ന സിനിമയെ പറ്റി ഞാന്‍ പറയുന്നതല്ലാതെ അദ്ദേഹം പറയുന്നില്ലല്ലോ. അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ച സിനിമ സ്‌ഫോടനമാണെന്ന് പറയുന്നുണ്ടോ, ഇല്ല. അദ്ദേഹം യവനികയും മറ്റുള്ള പേരുകളുമല്ലേ പറയുന്നത്.
പേര് മാറ്റിയതിന്റെ സങ്കടം കൊണ്ടാണ് അദ്ദേഹം അത് പറയാത്തത്. വേറെയും ചില സങ്കടങ്ങള്‍ അദ്ദേഹത്തിന് ആ ചിത്രത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം പറയുന്നില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,’ കബീര്‍ പറഞ്ഞു.
മമ്മൂട്ടിക്ക് പുറമെ സോമന്‍, സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ നായകന്മാരായിരുന്നു. ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ജയനെ ആയിരുന്നു. അദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്നാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തതെന്നും കബീര്‍ പറഞ്ഞു.
‘സ്‌ഫോടനത്തിന്റെ പ്ലാനിങ്ങുകള്‍ നടക്കുമ്പോഴാണ് കോളിളക്കത്തിന്റെ ഷൂട്ടിനിടയില്‍ ജയന്‍ മരിക്കുന്നത്. നമുക്കൊരു പുതിയ ആളെ ഇട്ടാലോ എന്ന് ബാബു പറഞ്ഞു. ആരാണ് പുതുമുഖമെന്ന് വിശ്വംഭരന്‍ ചോദിച്ചു. ഒരു കക്ഷിയുണ്ട്, മേളയിലും വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലുമൊക്കെ അഭിനയിച്ച മമ്മൂട്ടി എന്ന് പറയുന്ന ആളാണ്. അങ്ങനെ അദ്ദേഹത്തെ വിളിപ്പിക്കാന്‍ തീരുമാനിച്ചു.
ബാബുവിന്റെ അനിയനാണ് മമ്മൂട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം മമ്മൂട്ടിയോട് പുറത്തിറങ്ങി നിന്നോളാന്‍ പറഞ്ഞു. അന്നും പുള്ളിയെ കാണാന്‍ ഹാന്‍ഡ്സമാണ്. ഞാന്‍ അകത്ത് കേറിയപ്പോള്‍ ആളെ കാണാന്‍ കൊള്ളാം, അഭിനയിക്കുമോ എന്ന് തിരക്കഥാകൃത്ത് ഷെരീഫിക്ക ചോദിച്ചു. അദ്ദേഹം അഭിനയിക്കും, അതെനിക്ക് ഉറപ്പുണ്ട് എന്ന് ബാബു പറഞ്ഞു. ഷെരീഫിക്കക്ക് ഓക്കെയാണെങ്കില്‍ മമ്മൂട്ടിയെ എടുക്കാമെന്ന് വിശ്വംഭരന്‍ പറഞ്ഞു.
അങ്ങനെയാണ് അദ്ദേഹം സ്ഫോടനത്തിലേക്ക് ഹീറോയായി വരുന്നത്. അന്ന് ജയന്റെ റോള്‍ സുകുമാരന് കൊടുത്തു, സുകുവേട്ടന്റെ റോള്‍ മമ്മൂട്ടിക്ക് കൊടുത്തു,’ കബീര്‍ പറഞ്ഞു.
Content Highlight:production controller says mammootty’s name was changed in sphodanam movie