മമ്മൂട്ടിക്ക് ടിക്കറ്റ് കിട്ടിയില്ല; അവസാനം ശോഭനയുടെ ആയയുടെ ടിക്കറ്റിലാണ് നാട്ടിലേക്കയച്ചത്: രാജന്‍ പൂജപ്പുര
Entertainment news
മമ്മൂട്ടിക്ക് ടിക്കറ്റ് കിട്ടിയില്ല; അവസാനം ശോഭനയുടെ ആയയുടെ ടിക്കറ്റിലാണ് നാട്ടിലേക്കയച്ചത്: രാജന്‍ പൂജപ്പുര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th March 2023, 10:08 pm

മമ്മൂട്ടി, ശോഭന, ശ്രീനിവാസന്‍, ആനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഴയെത്തും മുന്‍പെ. മമ്മൂട്ടി കോളേജ് പ്രൊഫസറായി സ്‌ക്രീനിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശോഭന എത്തിയത്.

സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് മമ്മൂട്ടിക്കും ശോഭനക്കുമൊപ്പം സംഭവിച്ച രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന രാജന്‍ പൂജപ്പുര. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിനിമയുടെ പാക്കപ്പ് ദിവസം മമ്മൂക്കയെ ഷൂട്ടിങ് സെറ്റില്‍ നിന്നും നാട്ടിലേക്ക് വണ്ടികയറ്റി വിടാന്‍ താന്‍ ബുദ്ധിമുട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്.

കോയമ്പത്തൂരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത മമ്മൂട്ടി പെട്ടെന്ന് ആലപ്പുഴയിലേക്ക് പോവണമെന്നും ടിക്കറ്റെടുത്ത് തരാനായി തന്നോട് ആവശ്യപ്പെട്ടെന്നുമാണ് രാജന്‍ പറഞ്ഞത്. ടിക്കറ്റ് അന്വേഷിച്ച് നടന്ന താന്‍ പാട്‌പെട്ടെന്നും അവസാനം ശോഭനയുടെ ആയയുടെ ടിക്കറ്റില്‍ മമ്മൂക്കയെ നാട്ടിലേക്കയച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘മഴയെത്തും മുന്‍പെ ചിത്രത്തിന്റെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് മമ്മൂട്ടിക്കും ശോഭനക്കും തിരികെ നാട്ടില്‍ പോവാന്‍ ട്രെയിന്‍ ടിക്കറ്റ് വേണം. ശോഭന നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റൊക്കെ ആദ്യമേ ബുക്ക് ചെയ്ത് റെഡിയാക്കി വെച്ചിട്ടുണ്ട്.

അദ്ദേഹത്തിനാണെങ്കില്‍ പിറ്റേ ദിവസം രാവിലെ ഏഴ് മണിക്ക് കോയമ്പത്തൂരില്‍ നിന്നും മദ്രാസിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് മമ്മൂക്ക എന്നെ വിളിച്ചിട്ട് പറഞ്ഞു. രാജാ എനിക്കും കൂടെ ആലപ്പി ചെല്ലാനുള്ള ട്രെയിന്‍ ടിക്കറ്റ് എടുത്ത് തരണമെന്ന്. എങ്കില്‍ എനിക്ക് കറക്ട് ഏഴ് മണിക്ക് തന്നെ ഷൂട്ടിനെത്താന്‍ പറ്റും. നീ എനിക്കും കൂടെ ആലപ്പി പോവാന്‍ പറ്റുമോന്ന് നോക്ക് എന്നും പറഞ്ഞു.

ഇത് കേട്ട ഞാന്‍ ലാല്‍ജോസിന്റെ കയ്യില്‍ ലഗേജ് ഏല്‍പ്പിച്ചിട്ട് ടി.ടിയെ കാണാന്‍ പോയി. പക്ഷെ ടിക്കറ്റ് കിട്ടാനില്ല. അവസാനം ശോഭനയുടെ ആയയുടെ ടിക്കറ്റെടുത്ത് കട്ട് ചെയ്ത് സെക്കന്റ് ക്ലാസാക്കി മമ്മൂക്കക്ക് കൊടുത്തു. ഇനി ഇവരെ ട്രെയിന്‍ കയറ്റി വിടണമല്ലോ. മമ്മൂക്ക വരുന്നത് ഏത് വഴിയില്‍ക്കൂടെയാണെന്ന് അറിയില്ല.

ശോഭനയെ ഞാന്‍ ഒരുവിധത്തില്‍ സ്‌റ്റേഷനില്‍ എത്തിച്ചു. എന്നിട്ട് മമ്മൂക്കയോട് പിറക് വശത്തെ ഗേറ്റ് വഴി വരാന്‍ പറഞ്ഞു. ആള്‍ക്കാരുടെ ആരുടെയും ശല്യമില്ലാതെ മമ്മൂട്ടിയെയും ശോഭനയെയും ട്രെയിന്‍ കയറ്റി വിട്ടു,’ രാജന്‍ പൂജപ്പുര പറഞ്ഞു.

Content Highlight: Production controller Rajan poojappura shares his shooting experience with mammootty