| Saturday, 22nd October 2022, 10:50 pm

'പ്രിയദര്‍ശന്റെ കയ്യില്‍ സ്‌ക്രിപ്റ്റ് ഒന്നും കാണില്ല, എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ ഒരു പിടിയുമുണ്ടാവില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് പൂച്ചക്കൊരു മൂക്കുത്തി. ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് പ്രിയദര്‍ശന്റെ കയ്യില്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും കഥയും കുറച്ച് പേപ്പറുകളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കെ. രാധാകൃഷ്ണന്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രം ഷൂട്ട് ചെയ്ത് തീര്‍ത്തതിനെ പറ്റി പറഞ്ഞത്.

‘പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയുടെ കാര്യം പറയണമെങ്കില്‍ ആദ്യം പ്രിയദര്‍ശന്റെ കാര്യം പറഞ്ഞുതുടങ്ങണം. അന്ന് പുള്ളിക്ക് സ്‌ക്രിപ്റ്റ് ഒന്നുമില്ല. പുള്ളിക്ക് ഒരു ചേഞ്ച് ഓവര്‍ വരുന്നത് താളവട്ടം മുതലാണ്. അതുവരെയുള്ള പടങ്ങള്‍ക്കുള്ള സ്‌ക്രിപ്റ്റ് ആ സമയത്താണ് എഴുതുക. കഥ മാത്രമുണ്ടാവും. കുറെ പേപ്പറുമുണ്ടാവും. അല്ലാതെ ഫുള്‍ സ്‌ക്രിപ്റ്റ് പുള്ളീടെ കയ്യില്‍ ഒരിക്കലും ഉണ്ടാവില്ല.

പൂച്ചക്കൊരു മൂക്കുത്തിയുടെ സമയത്ത് പങ്കജ് ഹോട്ടലിലാണ് താമസിച്ചത്. എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ നാളെ രാവിലെ പറയാമെന്ന് പറയും. എന്നിട്ട് പുള്ളി പോയി കിടന്നുറങ്ങും. അങ്ങനെയാണ് പൂച്ചക്കൊരു മൂക്കുത്തിയുടെ ഷൂട്ടിങ് നടക്കുന്നത്. എന്തുമാത്രം ആര്‍ട്ടിസ്റ്റുകള്‍ വന്ന് കിടക്കുന്നുവെന്ന് ആലോചിക്കണം. അന്നത്തെ കാലത്ത് ഇതൊക്കെ നടക്കും. ഇന്നൊന്നും നടക്കില്ല.

രാവിലെ ആറരയൊക്കെ ആവുമ്പോള്‍ ഞാന്‍ ചെല്ലും. ആ സമയത്ത് ഉറക്കമായിരിക്കും. ഞാന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍ ചായ പറയും. ചായ വന്നാലും എഴുന്നേക്കില്ല. കുറച്ച് കഴിയുമ്പോള്‍ എഴുന്നേറ്റ് തണുത്ത് പോയി, അടുത്ത ചായ പറയാന്‍ പറയും.

പുള്ളി എണീക്കുമ്പോള്‍ നിലം തൊട്ട് കണ്ണില്‍ തൊടും. അത് കഴിഞ്ഞാല്‍ പിന്നെ കിടക്കില്ല. പത്തിരുപത് മിനിട്ട് കൊണ്ട് കുളിച്ച് ഫ്രഷാവും. എണീറ്റ് കഴിഞ്ഞ് ഇന്ന് എവിടെയാ ഷൂട്ട് എന്തൊക്കെയാ കാര്യങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമറിഞ്ഞൂടാ, നീ വെയ്റ്റ് ചെയ്യ് എന്ന് പറഞ്ഞ് പുള്ളി പേപ്പറുമെടുത്ത് ബാത്ത്‌റൂമില്‍ പോവും. ന്യൂസ് വായിക്കാനൊന്നുമല്ല. ടിഷ്യു പേപ്പര്‍ എടുത്തിട്ട് അവിടിരുന്ന് എഴുതുവാ ഇന്ന് എന്താണ് ചെയ്യേണ്ടതെന്നുള്ളത്.

ഒരു അര മണിക്കൂര്‍ കഴിയുമ്പോള്‍ വരും. എന്നിട്ട് പറയും, ഒരു കാര്യം ചെയ്യ് നീ എല്ലാത്തിനേയും പെറുക്കി നേരെ മ്യൂസിയത്തിലേക്ക് പൊക്കോളാന്‍. ഇന്ന് അവിടാണ് ഷൂട്ട്. മ്യൂസിയത്തില്‍ ഷൂട്ട് ചെയ്യണമെങ്കില്‍ പെര്‍മിഷന്‍ വേണ്ടേ. ഇതൊക്കെ നേരത്തെ വാങ്ങണ്ടേ.

ഞാന്‍ പിന്നെ മ്യൂസിയം സൂപ്രണ്ടിന്റെ വീട്ടില്‍ പോവും.പിന്നെ അങ്ങേരെ കൊണ്ട് പേപ്പറില്‍ പെര്‍മിഷന്‍ എഴുതിച്ച് കൗണ്ടറില്‍ കൊടുത്ത് പൈസ അടച്ച് മ്യൂസിയം തുറപ്പിച്ച് ആര്‍ട്ടിസ്റ്റുകളെ മുഴുവന്‍ അവിടെ കൊണ്ടുചെല്ലുമ്പോള്‍ മണി പന്ത്രണ്ടാവും. അപ്പോഴാണ് ഷൂട്ട് തുടങ്ങുന്നത്. ഈ വക കോമഡിയായിരുന്നു പൂച്ചക്കൊരു മൂക്കുത്തി,’ രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: production controller k. Radhakrishnan says that Priyadarshan did not have a script with him before thalavattam movie

We use cookies to give you the best possible experience. Learn more