ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജോണി വാക്കര്‍. അനിയനും ചേട്ടനും ഒരു കോളേജില്‍ പഠിക്കുന്നതും കോളേജിലെ മറ്റ് കുട്ടികളുമായി ചേട്ടനായ ജോണിക്ക് ഉണ്ടാകുന്ന ഊഷ്മളമായ സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രത്തിലെ വില്ലനായ ഗോപാല്‍ പൂജാരി യഥാര്‍ത്ഥത്തില്‍ അധോലോക ബന്ധമുള്ള ആളായിരുന്നു എന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന കെ. രാധാകൃഷ്ണന്‍. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ജോണി വാക്കറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘മമ്മൂട്ടിയുടെ അനിയനായ പയ്യനെ കൊണ്ടുവന്നത് ജയരാജാണ്. ബോംബെ ആണ് അവന്റെ സ്ഥലം. അവന്റെ കൂടെ കാണിക്കുന്ന ഗ്യാങ് കോട്ടയത്തുള്ള കുറച്ച് പിള്ളേരാണ്. അത് ജയരാജിന്റെ ഒരു ഗ്രൂപ്പാണ്, പിന്നെ പ്രേം കുമാര്‍. അതിന്റെ ഷൂട്ട് മുഴുവന്‍ ബെംഗളൂരുവിലായിരുന്നു. ഭയങ്കര ഓളമായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ട്.
അതില്‍ ഡിഡി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗോപാല്‍ പൂജാരി, ശരിക്കും അയാള്‍ അധോലോകത്തുള്ളയാളാണ്. ഒറിജിനല്‍ അധോലോകമാണ്. അയാളേയും ജയരാജാണ് കണ്ടുപിടിച്ച് കൊണ്ടുവന്നത്. പക്ഷേ അയാള്‍ ഭയങ്കര കമ്പനിയായിരുന്നു. പിന്നെ അയാളെ ആരോ വെടിവെച്ചുകൊന്നെന്നോ മറ്റോ ന്യൂസ് വന്നിരുന്നു.
അയാളുടെ വില്ലനിസം നല്ല രസമായിരുന്നു. അയാള്‍ വൈകുന്നേരമാകുമ്പോള്‍ പിള്ളാരേം വിളിച്ചോണ്ട് ക്ലബ്ബില്‍ പോയി ഡ്രിങ്ക്‌സ് വാങ്ങിച്ച് കൊടുക്കും. ഭയങ്കര ഹാപ്പി ആയി നടക്കുന്ന ആളായിരുന്നു. മമ്മൂക്കയും ഭയങ്കര കൂളായിരുന്നു. മമ്മൂക്ക സെറ്റില്‍ ക്രിസ്മസ് കേക്ക് കൊണ്ടുവന്ന് എല്ലാവര്‍ക്കും തന്നിരുന്നു. ബെംഗളൂരുവിന് പുറമേ ചെന്നൈയിലും ഊട്ടിയിലും ഷൂട്ട് ഉണ്ടായിരുന്നു,’ രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlight: production controller k Radhakrishnan says that Gopal Pujari, the villain of the film johny walker, was actually a man with underworld connections