ആക്ഷന്‍ സീന്‍ ഷൂട്ടിനിടെ വിജയ്‌യുടെ ഡ്യൂപ്പ് മരിച്ചു, അതെന്നെ വല്ലാതെ അലട്ടി; കുടുംബത്തിന് വലിയൊരു തുക അദ്ദേഹം കൊടുത്തു: ബാബു ഷാഹീര്‍
Entertainment news
ആക്ഷന്‍ സീന്‍ ഷൂട്ടിനിടെ വിജയ്‌യുടെ ഡ്യൂപ്പ് മരിച്ചു, അതെന്നെ വല്ലാതെ അലട്ടി; കുടുംബത്തിന് വലിയൊരു തുക അദ്ദേഹം കൊടുത്തു: ബാബു ഷാഹീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th December 2022, 10:42 am

വിജയ്‌യുടെ സിനിമയുടെ സെറ്റില്‍ വെച്ച് അദ്ദേഹത്തിന്റെ ഡ്യൂപ്പ് മരണപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. ബൈക്കിലെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് അപകടം നടന്നതെന്നും ആ കാഴ്ച കണ്ട് താന്‍ ആകെ തളര്‍ന്നുപോയിരുന്നുവെന്നും ബാബു ഷാഹീര്‍ പറഞ്ഞു.

മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് വിജയ് നല്‍കിയ സഹായങ്ങളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഷാഹീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ശിവ എന്നായിരുന്നു വിജയ്‌യുടെ ഡ്യൂപ്പിന്റെ പേര്. എന്റെ റൂമില്‍ വന്ന്, കാലില്‍ കെട്ടേണ്ട പാഡ് ഇന്നലെ വന്ന ടെമ്പോ ട്രാവലറില്‍ മറന്ന് വെച്ചു. അത് എങ്ങനെയെങ്കിലും എത്തിച്ച് തരണമെന്ന് അദ്ദേഹം പറഞ്ഞു. പകരം ക്രിക്കറ്റ് കളിക്കുന്ന പാഡ് മതിയോ എന്ന് ചോദിച്ചു. അതിന് ഭാരം കൂടുതലാണെന്ന് പറഞ്ഞു.

ഞാനുടനെ ട്രാവല്‍സില്‍ വിളിച്ച് വണ്ടിയില്‍ പാഡ് മറന്ന് വെച്ചു, ബൈക്കിലെ ആക്ഷന്‍ സീന്‍ ആണ്, നാളെ കിട്ടിയില്ലെങ്കില്‍ ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞു. പരിചയമുള്ള ഡ്രൈവര്‍ ആയത് കൊണ്ട് എങ്ങനെയോ എത്തിച്ചു. പക്ഷെ വൈകിപ്പോയിരുന്നു.

ആക്ഷന്‍ സീന്‍ ഷൂട്ട് തുടങ്ങി. സ്റ്റാര്‍ട്ട് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ വണ്ടിയില്‍ വന്ന് ജംപ് ചെയ്തപ്പോള്‍ വണ്ടി പൊന്തിപ്പോയി അദ്ദേഹം തല തല്ലി വീഴുന്നതാണ് കാണുന്നത്. നിറയെ ചോര. ഞാനിത് കണ്ട് വിറക്കാന്‍ തുടങ്ങി. നേരെ ഇയാളെ പിടിച്ച് വലിച്ച് കാറില്‍ കയറ്റി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കൊണ്ട് പോയി.

11, 12 മണിയായിട്ടുണ്ടാവും. മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞ് ഡോക്ടര്‍ വന്നു പറഞ്ഞു, കോമ്പ്‌ളിക്കേഷനുണ്ട് ഒന്നും പറയാന്‍ പറ്റില്ല, വീട്ടില്‍ അറിയിച്ചേക്കെന്ന്. പിറ്റേ ദിവസം ഇദ്ദേഹത്തിന്റെ അമ്മയും അച്ഛനും ഭാര്യയും കൂടി വന്നു. അപ്പോള്‍ കോമ സ്റ്റേജ് ആണ്.

ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആണെന്ന് ഡോക്ടറില്‍ നിന്നും വിവരം കിട്ടി. ഞാന്‍ ഇയാളുടെ കുടുംബത്തിനെക്കുറിച്ച് അന്വേഷിച്ചു. അച്ഛനും അമ്മയ്ക്കും വിഷമമുണ്ട്. ഞാന്‍ അവരോട് പറഞ്ഞു, സിനിമയുടെ അസോസിയേഷനുകള്‍ ഉണ്ട് സാമ്പത്തിക സഹായം ചെയ്യാമെന്ന്. വൈകുന്നേരം നാല് മണിയായപ്പോള്‍ മരണം സംഭവിച്ചു.

അവിടെ നിന്ന് മദ്രാസിലേക്ക് മൃതദേഹം കയറ്റി വിട്ടു. ഫാമിലിക്ക് വഴിച്ചെലവിനുള്ള പൈസയും കൊടുത്തു. അപ്പോഴേക്കും വിജയ്‌യും വിളിച്ചു. സിനിമാ ചരിത്രത്തില്‍ അങ്ങനെ ഒരു അപകടം സംഭവിക്കുന്നത് ആദ്യമായാണ്. വിജയ്‌യും ഫാസില്‍ സാറുമെല്ലാം നല്ല തുക കുടുംബത്തിനായി കൊടുത്തു. ഞങ്ങള്‍ എല്ലാവരും പിരിവെടുത്തും പണം കൊടുത്തു.

വിജയ് നല്ല ഒരു തുക കൊടുത്തിരുന്നു. എന്റെ കൈയിലാണ് തന്നത്. എന്റെ റൂമില്‍ വന്ന് അയാള്‍ ചോദിച്ചതെല്ലാം കുറേ നാള്‍ ഓര്‍മവരുകയും അതെന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണുമ്പോഴും എനിക്ക് വളരെ വിഷമങ്ങള്‍ ഉണ്ടാക്കി,” ബാബു ഷാഹീര്‍ പറഞ്ഞു.

content highlight: Production controller Babu Shahir talks about Vijay’s  dupe death in the sets of his film