സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയായിരുന്നു റാംജിറാവു സ്പീക്കിങ്. മുകേഷ്, ഇന്നസെന്റ്, സായ് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈ ചിത്രം ആദ്യം ഫാസിലിനെക്കൊണ്ട് സംവിധാനം ചെയ്യാനിരുന്നതാണെന്നും പിന്നീട് ഫാസില്‍ നിര്‍മിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍.
ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഇക്കാര്യം പറഞ്ഞത്.മാന്നാര്‍ മത്തായി എന്ന കഥാപാത്രം ആദ്യം എഴുതിയ സമയത്ത് തന്നെ ഇന്നസെന്റിനെയാണ് ആലോചിച്ചതെന്നും മുകേഷിനോട് ഇത് പറഞ്ഞപ്പോള്‍ മുകേഷിനും ഇതേ അഭിപ്രായമായിരുന്നുവെന്നും ബാബു പറഞ്ഞു.
എന്നാല്‍ ഷൂട്ട് തുടങ്ങാന്‍ സമയത്ത് ഇന്നസെന്റിനെ കിട്ടിയില്ലെന്നും ആ റോളിലേക്ക് മാള അരവിന്ദനെ പരിഗണിച്ചുവെന്നും ബാബു പറഞ്ഞു. എന്നാല്‍ ഇന്നസെന്റ് ഇല്ലെങ്കില്‍ മുകേഷ് അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും പിന്നീട് മുകേഷ് ഇടപെട്ട് ഇന്നസെന്റിനെ തിരിച്ചുകൊണ്ടുവന്നെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
‘സിദ്ദിഖ് ലാല്‍ ടീമിന്റെ ആദ്യ സിനിമ തൊട്ട് ഞാന്‍ അവരുടെ കൂടെയുണ്ട്. റാംജി റാവു സ്പീക്കിങ് ആദ്യം ഫാസില്‍ സംവിധാനം ചെയ്യാനായിരുന്നു ആലോചിച്ചത്. പിന്നീട് ഫാസില്‍ ഈ സിനിമ നിര്‍മിക്കാമെന്നും, സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്യുമെന്നായി. സായ് കുമാറിനെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ ശേഷമാണ് തീരുമാനിച്ചത്.
മുകേഷും ഇന്നസെന്റും ആദ്യം തൊട്ടേ ഇതിന്റെ ഭാഗമായിരുന്നു. മാന്നാര്‍ മത്തായി എന്ന ക്യാരക്ടര്‍ ഇന്നസെന്റിനെ മനസില്‍ കണ്ട് എഴുതിയതായിരുന്നു. എന്നാല്‍ ആ സമയത്ത് മുന്നേ ഏറ്റ വേറൊരു സിനിമ കാരണം ഇന്നസെന്റിന് വരാന്‍ പറ്റിയില്ല. ഇന്നച്ചന് പകരം മാളയെ കൊണ്ടു വന്നാലോ എന്ന് ഫാസില്‍ നിര്‍ദേശിച്ചു. പക്ഷേ മുകേഷ് അതിന് സമ്മതിച്ചില്ല.
ഇന്നസെന്റ് ഉണ്ടെങ്കിലേ താന്‍ അഭിനയിക്കൂ എന്ന് മുകേഷ് പറഞ്ഞു. പിന്നീട് മുകേഷ് ഇന്നസെന്റിനെ വിളിച്ച് പറഞ്ഞു, ‘നിങ്ങള്‍ എന്ത് പണിയാണ് ഈ കാണിക്കുന്നത്? ഈ സിനിമ വിട്ടാല്‍ അത് നിങ്ങളുടെ കരിയറിലെ വലിയൊരു നഷ്ടമായിരിക്കും’ എന്ന് പറഞ്ഞാണ് ഇന്നസെന്റിനെ ഇതിലേക്ക് കൊണ്ടുവന്നത്,’ ബാബു ഷാഹിര്‍ പറഞ്ഞു.
Content Highlight: Production controller Babu Shahir shares the memory of Ramji Rao Speaking movie