Entertainment
മോഹന്‍ലാലിന് വേണ്ടി മാത്രം സിദ്ദിഖ് എഴുതിയ സിനിമയായിരുന്നു അത്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 17, 03:58 pm
Monday, 17th June 2024, 9:28 pm

മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകരാണ് സിദ്ദിഖ് ലാല്‍. റാംജി റാവു സ്പീക്കിങ്ങിലൂടെ ആരംഭിച്ച സിനിമാ കരിയറാണ് സിദ്ദിഖ് ലാലിന്റേത്. മുകേഷ്, ജഗദീഷ്, സിദ്ദിഖ് കോംബോയുമായി ഒരുപാട് സിനിമകള്‍ ചെയ്ത ശേഷം സിദ്ദിഖ് ലാല്‍ കോമ്പോ സ്ഥിരം ട്രാക്ക് മാറ്റിപ്പിടിച്ച സിനിമയായിരുന്നു വിയറ്റ്‌നാം കോളനി. മോഹന്‍ലാല്‍ നായകനായി 1992ല്‍ റിലീസായ ചിത്രം ആ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു.

ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. മുകേഷ് ജഗദീഷ്, സിദ്ദിഖ് കോമ്പിനേഷനെ വെച്ച് ഒരുപാട് സിനിമകള്‍ ചെയ്ത ശേഷം ഒന്ന് മാറ്റിപ്പിടിക്കാന്‍ വേണ്ടി സിദ്ദിഖ് ലാല്‍ ചെയ്ത സിനിമയാണ് വിയറ്റ്‌നാം കോളനിയെന്ന് ബാബു ഷാഹിര്‍ പറഞ്ഞു. മോഹന്‍ലാലും ഇന്നസെന്റും ഇല്ലെങ്കില്‍ അങ്ങനെയൊരു സിനിമ സംഭവിക്കില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഇക്കാര്യം പറഞ്ഞത്.

‘ഇന്‍ ഹരിഹര്‍ നഗറിലും, അത് കഴിഞ്ഞ് വന്ന ഗോഡ് ഫാദറിലും മുകേഷ്, ജഗദീഷ്, സിദ്ദിഖ് കോംബോ ഉണ്ടായിരുന്നു. അപ്പോള്‍ അതൊന്ന് മാറ്റിപ്പിടിക്കാന്‍ സിദ്ദിഖും ലാലും തീരുമാനിച്ചു. അങ്ങനെയുണ്ടായ സിനിമയാണ് വിയറ്റ്‌നാം കോളനി. മോഹന്‍ലാലിന് വേണ്ടി മാത്രം എഴുതിയ കഥയാണ് അത്. മോഹന്‍ലാലും ഇന്നസെന്റ് ചേട്ടനും ഇല്ലെങ്കില്‍ ആ സിനിമ നടക്കില്ലായിരുന്നു.

അന്നത്തെ കാലത്ത് ഒരുപാട് സെറ്റ് വര്‍ക്ക് ആവശ്യമായി വന്ന സിനിമയായിരുന്നു വിയറ്റ്‌നാം കോളനി. അങ്ങനെയൊരു സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടേത്. വേറെ വേേെറ വീടുകളില്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചേര്‍ത്താല്‍ ശരിയാവില്ല. അതുകൊണ്ട് അത്രയും വലിയ സെറ്റിട്ട് ആ സിനിമ ചെയ്തു. ഇന്നും ആ സിനിമ കാണുമ്പോള്‍ ഒരു ഫ്രഷ്‌നെസ്സുണ്ട്,’ ബാബു ഷാഹിര്‍ പറഞ്ഞു.

Content Highlight: Production Controller Babu Shahir about Vietnam Colony movie