| Thursday, 6th June 2024, 4:19 pm

ചാത്തനേറ് എന്നായിരുന്നു മണിച്ചിത്രത്താഴിന്റെ ആദ്യത്തെ പേര്, നെടുമുടി വേണുവായിരുന്നു അതില്‍ വില്ലന്‍: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. നടനും സംവിധായകനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ബാബു ഷാഹിര്‍. ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാബു ഷാഹിര്‍. പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷം ഫാസില്‍ ഒരു തമിഴ് സിനിമ ചെയ്തുവെന്നും ആ സമയത്താണ് മധുമുട്ടം ഫാസിലിനെക്കണ്ട് മണിചിത്രത്താഴിന്റെ ഐഡിയ പറഞ്ഞതെന്നും ബാബു പറഞ്ഞു.

ചാത്തനേറ് എന്ന പരിപാടിയെ ബേസ് ചെയ്ത് ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചതെന്നും ഒരു പഴയ തറവാടിനെ ബന്ധപ്പെടുത്തിയിട്ടുള്ള കഥയായിരുന്നു അതെന്നും ബാബു പറഞ്ഞു. ഒരു തറവാട്ടില്‍ സ്ഥിരമായി കല്ലേറ് നടക്കുന്ന സമയത്ത് അവിടത്തെ കാരണവര്‍ അത് ചാത്തന്റെ ശല്യമാണെന്ന് പറഞ്ഞ് എല്ലാവരെയും അവിടുന്ന് മാറ്റുകയും, ആ തറവാട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാന്‍ വേണ്ടി കാരണവര്‍ നടത്തുന്ന കളിയായിരുന്നു ആ കഥയെന്നും ബാബു പറഞ്ഞു.

കാരണവരുടെ വേഷത്തില്‍ നെടുമുടി വേണുവിനെയായിരുന്നു ആലോചിച്ചതെന്നും ബാബു കൂട്ടിച്ചേര്‍ത്തു. പിന്നീട് രണ്ടു വര്‍ഷത്തോളം സമയമെടുത്തിട്ടാണ് ഇപ്പോള്‍ കാണുന്ന രൂപത്തില്‍ മണിച്ചിത്രത്താഴിന്റെ സ്‌ക്രിപ്റ്റ് എഴുതിയതെന്നും ബാബു പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഇക്കാര്യം പറഞ്ഞത്.

‘ഫാസില്‍ പപ്പയുടെ സ്വന്തം അപ്പൂസ് ചെയ്ത് കഴിഞ്ഞ് മലയാളത്തില്‍ ചെയ്യാനിരുന്ന കഥയായിരുന്നു മണിച്ചിത്രത്താഴ്. അതിനിടയില്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തു. ആ സമയത്താണ് മധു മുട്ടം ഫാസിലിനെ കാണാന്‍ വന്നത്. ചാത്തനേറ് എന്ന കണ്‍സപ്റ്റിനെ ബേസ് ചെയ്തുള്ള കഥയായിരുന്നു അത്. ഒരു പഴയ തറവാടിനെ പറ്റിയുള്ള കഥയായിരുന്നു മധു പറഞ്ഞത്.

ആ തറവാട്ടിന്റെ പരിസരത്ത് വൈകുന്നേരമാകുമ്പോള്‍ ആരൊക്കെയോ കല്ലെറിയും, പക്ഷേ പുറത്തിറങ്ങി നോക്കുമ്പോള്‍ ആരെയും കാണില്ല. പേടി കാരണം ആരും അവിടെ താമസിക്കാറില്ല. പിന്നീടാണ് മനസിലാകുന്നത്, ആ തറവാട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചുമാറ്റാന്‍ വേണ്ടി അവിടത്തെ കാരണവര്‍ നടത്തിയ കളിയായിരുന്നു അത് എന്ന്. നെടുമുടി വേണുവിനെയായിരുന്നു ആ കാരണവരായി ആലോചിച്ചത്.

പക്ഷേ അത് സ്‌ക്രിപ്റ്റായി എഴുതിയപ്പോള്‍ എങ്ങനെയൊക്കെയോ ഗംഗയും നാഗവല്ലിയും നകുലനും ഒക്കെ കയറിവന്നു. പിന്നീട് ഫാസിലും മധുവും കൂടി രണ്ട് വര്‍ഷത്തോളമെടുത്താണ് ആ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയത്,’ ബാബു ഷാഹിര്‍ പറഞ്ഞു.

Content Highlight: Production Controller Babu Shahir about Manichithrthazhu movie

We use cookies to give you the best possible experience. Learn more