മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. നടനും സംവിധായകനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ബാബു ഷാഹിര്‍. ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാബു ഷാഹിര്‍. അനിയത്തിപ്രാവിലെ നായകനെയും നായികയെയും കണ്ടെത്താന്‍ വേണ്ടി രണ്ട് മാസത്തോളം നടന്നുവെന്നും ഒടുവില്‍ ഫാസിലിന്റെ ഭാര്യയാണ് കുഞ്ചാക്കോ ബോബനെ നിര്‍ദേശിച്ചതെന്നും ബാബു പറഞ്ഞു.
നായികയായി പലരെയും നോക്കിയെന്നും ഒടുവില്‍ ഫാസിലിന്റെ അസിസ്റ്റന്റുമാരില്‍ ഒരാളാണ് ശാലിനിയെ നോക്കിക്കൂടെ എന്ന് ചോദിച്ചതെന്നും ബാബു പറഞ്ഞു. സിനിമക്ക് വേണ്ടി ആദ്യം ശാലിനിയെ സമീപിച്ചപ്പോള്‍ പഠിക്കാനുണ്ടെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നെന്നും ബാബു കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഷാഹിര്‍ ഇക്കാര്യം പറഞ്ഞത്.
‘അനിയത്തിപ്രാവ് എന്ന സിനിമയിലെ നായകനും നായികക്കും വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്. പുതിയ ആളുകളെ തന്നെ ഈ സിനിമയിലേക്ക് വേണമെന്ന് ഫാസിലിന് നിര്‍ബന്ധമുണ്ടായിരുന്നു. നായകനായി പലരെയും നോക്കി. ചിലര്‍ നന്നായി അഭിനയിക്കും, പക്ഷേ ഫോട്ടോജെനിക്കല്ലായിരുന്നു. ചിലര്‍ ഫോട്ടോജെനിക്കാണ്, പക്ഷേ അഭിനയം അത്ര പോരായിരുന്നു. അന്ന് ഫാസില്‍ റിജക്ട് ചെയ്തവരില്‍ ചിലര്‍ ഇന്നും ഇന്‍ഡസ്ട്രിയിലുണ്ട്.
ഷൂട്ട് തുടങ്ങാന്‍ സമയമായിട്ടും നായകനെ കിട്ടാതായപ്പോള്‍ ഫാസിലിന്റെ ഭാര്യയാണ് ബോബന്‍ കുഞ്ചാക്കോയുടെ മകനെ നോക്കിക്കൂടെ എന്ന് ചോദിച്ചത്. ഉദയാ സ്റ്റുഡിയോയുമായി നല്ല ബന്ധമുള്ളതുകൊണ്ട് ഫാസില്‍ ബോബനെ സമീപിച്ചു. അവര്‍ക്ക് ഓക്കെയായതോടെ കുഞ്ചാക്കോ അനിയത്തിപ്രാവിന്റെ ഭാഗമായി.
പക്ഷേ അപ്പോഴും നായികയായി ആരെയും കിട്ടിയിരുന്നില്ല. ഫാസിലിന്റെ ഒരു അസിസ്റ്റന്റാണ് ശാലിനിയുടെ കാര്യം സൂചിപ്പിച്ചത്. ഫാസിലിന്റെ ഒരുപാട് സിനിമകളില്‍ ബാലതാരമായി ശാലിനി അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ നായികയാകുമോ എന്ന് ചോദിച്ചു ചെന്നപ്പോള്‍ പഠിക്കാനുണ്ടെന്ന് പറഞ്ഞ് ശാലിനി ഒഴിവാകാന്‍ നോക്കി. ഫാസില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് ശാലിനി ഒടുവില്‍ സമ്മതിച്ചത്,’ ബാബു ഷാഹിര്‍ പറഞ്ഞു.
Content Highlight: Production controller Babu shahir about how Kunchako Boban became the part of Aniyathipravu